Thursday, April 4, 2013

Malayalam-poem-interview-ഇന്റർവ്യു

പലതുണ്ട്‌ മുഖാമുഖങ്ങൾ, പരീക്ഷകൾ
തോറ്റതെത്ര നന്നായി പലതിലും...
ദൈവമെപ്പൊഴും നല്ലതൊന്നൊരുക്കി
കാത്തിരിക്കുന്നുവെന്നോർക്ക നാം...

മുളക്കാതെ പോയെത്രയോ വിത്തുകൾ
പിറക്കാതെ പോയെത്ര മയിൽപ്പീലികൾ
ഓടിയെത്തും മുമ്പേ വിട്ടുപോം വണ്ടികൾ
വാക്കുകൾ കിട്ടാതണഞ്ഞെത്ര കവിതകൾ...

തിരിഞ്ഞു നോക്കുമ്പോഴറിയുന്നു നിന്നെ ഞാൻ
കയ്യൊപ്പിടാതെ നീ വർഷിച്ച കനിവുകൾ...
വിത്തിനു പകരം ഓണപ്പൂക്കളായ് തന്നവ
നിറമയിലാട്ടമായ് എൻ നെഞ്ചുതൊട്ടവ...
കരുണയായ് വന്നെന്റെ ജീവിതം കാത്തവ
മാരിവില്ലായ് വന്നു ചായം പകർന്നവ...
തിരിയണക്കാതിരിക്ക നാം...വരുമവൻ
തീർത്ഥാടനം കഴിഞ്ഞെത്തുമഥിതിയെപ്പോലെ...

---------

ഫീനിക്സ് ഒരു പക്ഷിയല്ല...!

ഹിരോഷിമയിലെ
ചോരയിറ്റുന്ന രോദനങ്ങളുടെ
അണുതുപ്പുന്ന ചാരത്തിൽ നിന്നും
പൊള്ളിക്കൊരുത്ത ഒരു ജനതയുടെ
തളരാത്ത മനസ്സാണു്...ഫീനിക്സ്.

ആശയുടെ കടുകുമണിയിൽ നിന്നും
ബോധിവൃക്ഷത്തിലേക്കുള്ള തണലാഴം.
ഉപ്പുസത്യാഗ്രഹത്തിന്റെ ഉച്ചവെയിലും
വെടിയുണ്ടകളുടെ രക്തദാഹവും കഴിഞ്ഞ്
പറക്കുന്ന പതാകകൾ നിറയെ
ഫീനിക്സിന്റെ തൂവലുകളാണു്.
ഒരു മഴയുടെ അഹിംസയിലൂടെ കാട്ടുതീ
സൗരയൂഥത്തിലേക്ക് തിരിച്ചുപോകുന്നു.
കാട്ടുകുടിലിന്റെ മുറ്റത്ത്
മഴ നനഞ്ഞ ചാരത്തിൽ
ഒരു കുഞ്ഞ് ആദ്യാക്ഷരങ്ങളെഴുതുന്നു.

കീമോത്തെറാപ്പി ലാബിലെ
കനലുനീറുന്ന നൊമ്പരങ്ങളിൽ നിന്നും
ചോര വറ്റാത്തൊരു ക്രിക്കറ്റ് ബാറ്റ്.
ഫീനിക്സ് ഇപ്പോൾ അടുത്ത പന്ത്
മൈതാനത്തിനു ചുറ്റുമുള്ള
ആരവങ്ങൾക്ക് മുകളിലൂടെ
പറത്താൻ കാത്തുനില്ക്കുന്ന
ഒരു ക്രിക്കറ്റ് കളിക്കാരനാണു്.
-------------