Thursday, August 9, 2012

വേനല്‍ മഴ (The Summer Rain)


          വേനൽ മഴ
          ----------
വേനലിലമരുന്ന
മലർകാലത്തിലെന്റെ
ആശകളൊന്നൊന്നായി
വാടിവീണലിയവേ,
ഒരു തുള്ളി നീരിന്നായി
കേഴുന്ന വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നു ഞാൻ.

ഗാർഗ്ഗി* തൻ ചോദ്യങ്ങളെ
മാറാല മൂടുന്നതും...
ഏകലവ്യന്റെ വിരൽ**
ചിതലു തിന്നുന്നതും...
“അരുതേ കാട്ടാളാ...”
എന്നോതുന്ന വാത്മീകിയെ
അരങ്ങിൽ നിഷാദനങ്ങമ്പെയ്തു
വീഴ്ത്തുന്നതും...
അങ്ങനെയൊടുങ്ങാത്ത
പേക്കിനാവുകളെന്റെ
ഉറക്കം മുറിക്കുന്നൊ-
രഗ്നിയായ് പടരുന്നു...

പീഢനകാലത്തിന്റെ
വേനലാണെരിയുന്നു...
തീയാളും ചിതയിതി-
ലസ്ഥികൾ പൊട്ടീടുന്നൂ...
ഉണക്കമരത്തിന്റെ
വേതാളശിഖരങ്ങ-
ളായിരം നഖരങ്ങളാൽ
നമ്മേ വളയുന്നോ...

നിള തന്നുറവകൾ
വറ്റുന്നു...കുളിരോലു-
മിളം കാറ്റൊടുങ്ങുന്നു...
രാത്രിയാകുന്നൂ സഖീ...

കനൽക്കാറ്റുകളാഞ്ഞു
വീശുമീ മണൽക്കാട്ടിൽ
ഒറ്റപ്പെട്ടു നാം
ദിശ തെറ്റിയിങ്ങലയവേ...
വാത്സല്യ ഹരിതമാം
പാതകളൊരുക്കി നീ
നെഞ്ചകം കുളിർപ്പിക്കാൻ
മഴയായണഞ്ഞെങ്കിൽ...

    -----------

* ഗാർഗ്ഗി - Gargi is a symbol of true questions. Gargi challenged the sage Yajnavalkya with a volley of perturbing questions on the soul or 'atman' that confounded the learned man who had till then silenced many an eminent scholar.

Recitation of this poem by me @ http://soundcloud.com/baiju-joseph-1/malayalam-poem-venalmazha

കവിത : വേനല്‍മഴ
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം

No comments:

Post a Comment

Thank you for your inputs...