Saturday, August 31, 2013

Malayalam-poem-Believe-without-seeing (കണ്ണടച്ച് വിശ്വസിക്കേണ്ടവ)

കണ്ണടച്ച് വിശ്വസിക്കേണ്ടവ
**********************

പുലർകാല സൂര്യനെ
ഹരിതത്തളിരുകൾ-
ക്കിടയിലൂടെ നോക്കി
ക്കണ്ണു മഞ്ഞളിക്കുമ്പോൾ
കണ്ടുവോ കദനത്തിൻ
കറുപ്പിറ്റും നെഞ്ചകം;
വെളിച്ചം പൊതിഞ്ഞൊരാ
തമസ്സിന്നഴിമുഖം...

അരുത് നോക്കരുത്
നേർകണ്ണാൽ വെളിച്ചത്തിൻ
തിരുക്കണ്ണുറവയെ...
എരിയുമൊരു തിരി-
ക്കറുപ്പിനെ, സൂര്യനെ,
നീറിടുമോരോ നെഞ്ചും
കടം കൊണ്ടൻപിൻ വീഞ്ഞായ്
കാസയിലിറ്റിപ്പോനെ...

നമ്മുടെ കദനങ്ങൾ
നെഞ്ചേറ്റിയെരിച്ചവർ
പകരും വെളിച്ചത്തെ
നോക്കുക...പകുത്തവർ
പകരും കരുണയിൽ
കണ്ണുനീരലിയിച്ച്
കണ്ണടച്ചവരെ നാം
വിശ്വസിച്ചറിയുക...
-------

Thursday, August 8, 2013

Malayalam-poem-Zoo Prisoners (ബെന്നാർഘട്ടയിലെ തടവുകാർ)


ബെന്നാർഘട്ടയിലെ* തടവുകാർ
**************************

















മൃഗശാലകളെത്ര കണ്ടിരിക്കുന്നു;
സിംഗപ്പൂരിലും തൃശൂരിലും
മൈസൂരിലും എവിടെയായാലും
പരോളുകിട്ടാത്തടവുകാർ
കാരിരുമ്പാഴത്തിലഴിയിട്ട നോവിൻ
കരളുമായ് കാത്തിരിക്കുന്നു...
ഏതു മുജ്ജന്മ പാപങ്ങളാണീ
സാധുക്കളെ കാടു കടത്തി
ഹരിതമൊരു തരി പോലുമില്ലാ-
ത്തൊരിക്കൂട്ടിൽ തടവിലിട്ടു.

ഇന്നു ഞാനീ ബെന്നാർഘട്ടയിൽ
മൃഗശാലപ്പാതിക്കപ്പുറം
കൊടിയകാടിൻ തടവറപ്പച്ചയിൽ
അഴിച്ചിട്ട സിംഹസ്വാതന്ത്ര്യ-
ഗർജ്ജനം പേടിച്ച,ഴിയിട്ട ബസിൽ
മൃഗങ്ങളെക്കണ്ടിരിക്കവേ
തടവൊരു നാനാർത്ഥമായ് വന്നു്
കൂടുകൂട്ടുന്നെന്റെ ചുറ്റിലും....
-------


* ബെന്നാർഘട്ട മൃഗശാലയിലെ സഫാരിക്കിടെയുള്ള ചിന്തകൾ...