Monday, July 29, 2013

Malayalam-poem-driverless-car (ഡ്രൈവർ ഇല്ലാത്ത കാർ)

ഡ്രൈവർ ഇല്ലാത്ത കാർ
*********************************

 















ഡ്രൈവറില്ലാക്കാറെത്ര
സുന്ദരമായിക്കാലിഫോർണിയൻ 
നിരത്തിലൂടോടുന്നു...
മായാജാലം...!

ചുവപ്പു പച്ച മഞ്ഞ
നിറങ്ങളെല്ലാമറിഞ്ഞെ-
വിടെ നിറുത്തേണ-
മവിടെ നിറുത്തിയും,
എവിടെയിടംവലം
തിരിഞ്ഞുമുന്നേറണ
മവിടെ തന്നെത്താനെ
തിരിഞ്ഞുമാർക്കും തന്നെ
തടസമായീടാതെ
നഗരദൂരം താണ്ടും
യന്ത്രമാന്ത്രികം കാൺകെ
ഓർക്കുന്നു പലപ്പോഴും
ഡ്രൈവറില്ലാത്ത ഗൂഗിൾ
കാറുപോലല്ലോ നമ്മൾ
യൗവ്വനക്കനൽപ്പാത
താണ്ടുവാൻ തുടങ്ങുമ്പോൾ...

അച്ഛനമ്മയും ഗുരു
ഭൂതരും വഴികാട്ടി
ത്തെളിച്ച ബാല്യം വിട്ടീ-
പ്പാതയിലിറങ്ങുമ്പോ-
ളെന്തു കൊണ്ടാണു ചിലർ
ചുവപ്പിൽ നിറുത്താതെ-
യോടുന്നു; വഴിപ്പച്ച
കാണാതെയിടറുന്നു...
-----

ഡ്രൈവർ ഇല്ലാത്ത ഗൂഗിൾ കാർ - http://en.wikipedia.org/wiki/Google_driverless_car

Friday, July 26, 2013

Malayalam-poem-Kerala-restaurants-in-Sunnyvale (സണ്ണിവേലിലെ* മലയാളിഭോജനശാലകൾ )

 സണ്ണിവേലിലെ* മലയാളിഭോജനശാലകൾ
************************************
ഏകാന്തമീ കാലിഫോർണിയൻ
ശൈത്യ സായന്തനത്തിലൊരു
മലയാളിഭോജനശാല
തേടിയിറങ്ങുന്നൊരാൾ...
സണ്ണിവേലിലെ സ്പൈസ്‌ ഹട്ടിൽ
മലയാളത്തിൽ ഓർഡർ ചെയ്ത
ഇടിയപ്പവും വെള്ളേപ്പവും
കഴിക്കുമ്പോൾ അല്പനേരമെങ്കിലും
തൂശനിലയിട്ടൊരെൻ മാനസം
കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ
തടവും കിനാക്കളും വിട്ട്‌
കൊച്ചിയിലേക്ക്‌ പറന്നു പോകുന്നു.

അമ്മവെച്ച മീമ്പുളിച്ചാറും
അമ്മാമ്മയിട്ടൊരുപ്പുമാങ്ങയും
പ്രണയത്തിന്റെ ചുംബനപ്പാതിയും
ഇന്റെർനെറ്റിലൂടൊരിക്കലും
ഡൗൺലോഡ് ചെയ്യരുതെന്നാരോ
വന്നെന്റെ കാതിൽ മന്ത്രിക്കുന്നുവോ...

മിൽപിട്ടാസിലൊ , സാൻഹൊസേയിലോ
ഉള്ള മലായാളിഭോജനശാലകളിൽ
പോയിട്ടില്ലൊരിക്കലും ഞാൻ...
പ്രവാസദുഃഖത്തിന്നഗ്നിപർവ്വങ്ങൾ
എല്ലാം മറന്നത്താഴമുണ്ണുമ്പോൾ
ഓർമ്മക്കനൽ നീറ്റുവാനില്ല ഞാൻ...

-----

*സണ്ണിവേൽ - കാലിഫോർണിയയിലെ സോഫ്റ്റ്‌ വെയർ കമ്പനികളുടെ പട്ടണം.

Monday, July 1, 2013

Malayalam-poem-endless-rain (തോരാതെ പെയ്യുന്ന മഴ)

മഴക്കവിതകൾ (poems about rain)
 --------------------- 
1.വേനൽ മഴ

"നിളതന്നുറവകൾ
വറ്റുന്നു...കുളിരോലു-
മിളം കാറ്റൊടുങ്ങുന്നു...
രാത്രിയാകുന്നൂ സഖീ..."


ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം  





2. തോരാതെ പെയ്യുന്ന മഴ

മഴയൊന്നു പെയ്യുമ്പോൾ
പുഴയൊന്നു നിറയുമ്പോൾ
കടലൊന്നു പിണങ്ങുമ്പോൾ
കുടിലൊന്നു കരയുമ്പോൾ
മഴ പോലെ പെയ്യുമ്പോൾ
പുഴ പോലെ നിറയുമ്പോൾ
കടൽ വീണ്ടും പിണങ്ങുമ്പോൾ


കുടിൽ വീണ്ടും കരയുമ്പോൾ...
മഴ വീണ്ടും പെയ്യുമ്പോൾ
പുഴ വീണ്ടും നിറയുമ്പോൾ...

----

a humble experiment with endless poem or cyclic poem ....rain-->river-->sea--> the hut--> rain --> river-->sea-->....