Saturday, May 25, 2013

ഋഷികേശിലെ കാഴ്ചകൾ





















ഋഷികേശ്‌ ...ഡിസംബറിൻ
മഞ്ഞുവീഴുമന്തിയിൽ
ഇലക്കുമ്പിളിൽ കിനാ-
പ്പൂക്കൾ വില്ക്കുമന്ധയാം
വൃദ്ധ ഭിക്ഷുണിയുടെ
നൊമ്പരക്കനലാറ്റി
കൺ നിറഞ്ഞൊഴുകീടും
പുണ്യ ഗംഗാഗ്നി തീർത്ഥം...

സീതയാണിവളൊരു
ശിംശപാവൃക്ഷത്തണൽ
പോലുമേയില്ലാതെരിഞ്ഞേ-
കയായ് നീറുന്നവൾ...

തർപ്പണതീരം താണ്ടി-
യക്കരെയെത്തീടുമ്പോൾ
ഋഷികേശ് കാലത്തിന്റെ
കദനാഗ്നിയിൽ വാടി
യുണങ്ങിച്ചുളിഞ്ഞൊരു
രുദ്രാക്ഷം പോലെ ധ്യാന
മൗനിയായ് നീറുന്നൊരീ
ഏകനാം വൃദ്ധനെപ്പോൽ...

ആരതി വെളിച്ചമേ
ഇവർക്കു കനിവിന്റെ
വെട്ടമായ് വന്നീകൈകൾ
പിടിച്ചു നടക്കുക...
ഹരിദ്വാറിലെ ഗംഗാ-
തീരത്തു നിന്നും ഹിമ-
പർവത്തിലേക്കു വേഗം
പറക്കുമാത്മാക്കളേ
ഏകാന്തമീ വാതിൽക്കൽ
വന്നൊന്നു നിന്നീടുക..
ഇവർക്കു കൂട്ടായല്പം
തൺൽ വിരിച്ചീടുക...
---

Saturday, May 18, 2013

ഇത്തിക്കണ്ണികളുണ്ടാവുന്നത്

മാവുമിലഞ്ഞിയുമന്യം
നിന്നേ പോവുന്നതിനാൽ
ഇത്തിക്കണ്ണികൾ
വേരുകൾ പാകി
പ്പടരുന്നിപ്പോൾ
നമ്മുടെ നെഞ്ചിൻ
തായ്ത്തടിയിൻമേൽ.

ചോരകുടിക്കുകയാണീ
യിത്തിക്കണ്ണികൾ
അട്ടകളെപ്പോൽ...!
സമയത്തിൻ ചോര...;

നമ്മുടെ കുഞ്ഞു
കുടുംബത്തിന്നായ്
നാമില നീട്ടും
തണലിൻ പച്ച...
നല്ലൊരയൽക്കാരന്നായ്
കരുതിയ കനിവിൻ കാതൽ.
തിന്നുകയാണെല്ലാ
മിത്തിക്കണ്ണികൾ
നോക്കിയിരിപ്പൂ നാം.

-----

പ്രവാസിയുടെ വേനലവധി

വേനലവധിയാകുമ്പോൾ
കുഞ്ഞുങ്ങൾ മുത്തശ്ശിക്കഥകളിലേക്ക്‌
ആണ്ടുയാത്രപോകും...
അമ്മയും കുഞ്ഞുങ്ങളും
മാതളനാരകത്തണലത്തിരുന്ന്‌
ഇലഞ്ഞിപ്പൂക്കൾ കോർക്കും...
ജോലിത്തിരക്കിന്റെ വേനലിൽ
നഗരദുരിതത്തിൽ നീ ഒറ്റപ്പെട്ടുപോകും.

കുഞ്ഞുങ്ങളുടെ വേനലവധിയിൽ
നഗരത്തിലെ വീട്ടിലൊറ്റക്കിരിക്കരുതെ-
ന്നൊരു മുതുനെല്ലിക്ക പോലച്ഛൻ...

“അൽ-എയിൻ” തോട്ടത്തിലെ പൂനിറങ്ങൾ
നിന്റെ വാതില്ക്കൽ വന്നു മുട്ടിവിളിക്കും...
സാൻ ഫ്രാൻസിസ്കോയിലെ
മെക്സിക്കൻ വീഞ്ഞുശാലയിൽ നിന്നും
വീഞ്ഞൊഴിയാ സ്ഫടികങ്ങൾ
നിന്റെ പുറകെ നടന്നു വരും...
കൊന്ത ചൊല്ലിക്കഴിയുമ്പൊഴേക്കും
അത്താഴത്തിനു മുകളിലൂടെ
സാത്താൻ നിന്റെ ഹൃദയത്തിലേക്ക്‌
ഒരു പാലം പണിയാൻ തുടങ്ങും...
ഐപാഡിന്റെ ചില്ലുജാലകം തുറന്നു
ഇന്റെർനെറ്റിലൂടെയവൻ
തീത്തിളക്കമുള്ള ലോകം കാണിച്ചു തരും.
തക്കം പാർത്തിരിക്കുമയല്ക്കാരൻ
കുതന്ത്രങ്ങളുടെ മാരീചനായ്‌ വരും.

------

വോട്ടു ചെയ്യുമ്പോൾ














വോട്ടു ചെയ്യുമ്പോൾ എല്ലാം മറക്കണം
കറുത്ത കണ്ണടകളൂരി നാം വയ്ക്കണം
പതാകകൾ തുന്നി കുഞ്ഞുടുപ്പുണ്ടാക്കി
തെരുവുകുഞ്ഞിന്റെ തണുപ്പകറ്റീടണം.
ചിഹ്നങ്ങൾ എല്ലാം ചട്ടിയിൽ വേവിച്ച്‌
പാവങ്ങൾക്കെല്ലാം തിന്നാൻ കൊടുക്കണം.

ഇടം വലം നോക്കാതെ, ഒറ്റശ്വാസത്തിൽ
ചിഹ്നമില്ലാ നേരിന്ന്‌ വോട്ടമർത്തീടണം.*
വോട്ട്‌ ചെയ്യുന്നതെന്തിനെന്നോർക്കുക
തൊഴിലു തന്നെന്റെ വിശപ്പു മാറ്റീടുവാൻ
ജീവൻ ത്യജിക്കും പ്രവാചകരില്ലെങ്കിൽ
നിൻ പേരു ചേർത്തു നീ വോട്ടമർത്തീടുക...


* ഇന്നു വോട്ടിഗ്‌ യന്ത്രത്തിൽ ബട്ടൺ അമർത്തി നാം വോട്ട്‌ ചെയ്യുന്നതു്...

--------

കവിത : വോട്ടു ചെയ്യുമ്പോൾ
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം 

Wednesday, May 8, 2013

പള്ളിപ്പുറം കോട്ട* കാണുമ്പോൾ...















1503
------
പള്ളിപ്പുറം കോട്ട കാണുമ്പോൾ
അഞ്ചാം ക്ലാസിൽ സെബാസ്റ്റ്യൻ
പറഞ്ഞ 

കഥയിൽ നിന്നൊരു
പോർച്ചുഗീസ് ഭടനിറങ്ങി വരുന്നു.

1663
----
ഗീവർഗ്ഗീസ് പുണ്യാളനെപ്പോലെ
തൊപ്പിവച്ച കുറേ ഡച്ചുകാർ.
കുതിരക്കുളമ്പടികളടുത്തെത്തവേ
കരയാമ്പൂ മണമുള്ള കാറ്റിൽ നിന്നും
തലയറ്റു പോയ കാപ്പിരിക്കരച്ചിലുകൾ
“മായ്...മായ്..” എന്നു് പിടഞ്ഞുവീഴുന്നു.

1780-നു ശേഷമെപ്പൊഴോ...
-----------------------
ഇപ്പോൾ പുഴക്കക്കരെ നടുക്കമായ്
ടിപ്പുവിൻ പീരങ്കിയൊച്ചകൾ കേൾക്കാം.
മഞ്ഞുമാതാവിൻ പള്ളിക്കു ചുറ്റും
മൂടൽ മഞ്ഞു വന്നു കൊന്ത ചൊല്ലുന്നു.
ടിപ്പുവിന്റെ പീരങ്കി പള്ളിയുന്നം തെറ്റി
കോട്ടത്തല തകർത്തെൻ മുന്നിലൂടെ
പെരിയാറ്റിലേക്ക് വീണുമുങ്ങുന്നു...

1979
-----
കോട്ടയിൽ നിന്നും കൊടുങ്ങല്ലൂർ
കോട്ടയിലേക്കൊരു തുരങ്കമുണ്ടെന്നു
ചൊല്ലും മുത്തശ്ശിയെൻ മുന്നിൽ നില്ക്കുന്നു.
മെഴുതിരികത്തിച്ച് ഗുഹയിലേക്കിറങ്ങി
കാണാതായവരുടെ ആത്മാക്കൾക്കുവേണ്ടി
ഒപ്പീസു ചൊല്ലിയ പാതിരി തിരിച്ചു പോകുന്നു...

2013
----
ത്രിസന്ധ്യാജപത്തിന്റെ പള്ളിമണിമുഴക്കം.
കോട്ടയിലിരുട്ടുമൂടുമ്പോൾ
കരിയിലയനക്കമായൊരു പഴങ്കഥപ്പേടി.
നന്മ നിറഞ്ഞ മറിയമേയെന്നു ചൊല്ലി
ഞാൻ തിരിഞ്ഞു നടക്കുന്നു...

=======

* ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള കോട്ട(http://en.wikipedia.org/wiki/Pallipuram_Fort ). എന്റെ ഗ്രാമത്തിലുള്ള ഈ കോട്ട ഈയിടെ സന്ദർശിച്ചപ്പോൾ മനസ്സിലുദിച്ചു വന്ന ചില തോന്നലുകൾ.

മഴയിലൂടെ പെയ്യുന്നവ

















മഴയിലൂടെ പെയ്തിടുന്നൂ
കൊടും കാടിൻ കിനാപ്പച്ച...
കാട്ടുവീട്ടിക്കരിങ്കാതൽ...
ചെമ്പരത്തിപ്പൂനിറങ്ങൾ
ചെണ്ടമേള പ്പെരുക്കങ്ങൾ
മയിൽപ്പീലിക്കാവടികൾ...
മഴയിലൂടെ മിഴിതുറപ്പൂ
വിത്തുകളായ് ദൈവസ്നേഹം..

മഴയിലൂടെ പെയ്തിടുന്നൂ
പ്രണയാർദ്ര നിമിഷങ്ങൾ...
പിച്ചവയ്ക്കുമൊരു കുഞ്ഞിൻ
കാൽപ്പാടു താണ്ടും ദൂരങ്ങൾ...

വിത്തു പെയ്യും മഴ തോർന്നു
വിത്തു പൊട്ടി മുളക്കുമ്പോൾ
അന്തമില്ലാച്ചാക്രികത്തിൽ
മൺതരി നാം അറിവൂ ഞാൻ...

-----

Sunday, May 5, 2013

Malayalam-poem-Calvary-Golgotha-കാൽവരി


















നൊമ്പരക്കുരിശാഴം ;
ചങ്കിലേക്കാഴ്ന്നിറങ്ങും
മൂർച്ച തന്നിരുട്ടിലു-
മന്ധന്നു വെളിച്ചമായ്
അവസാനത്തെ ചോര-
ത്തുള്ളിയും കരുണയാ-
യിറ്റിച്ചു ബലിയാടായ്
പിടപ്പൂ സ്നേഹാർദ്രം നീ...

നീതിമാൻ ചോര ചിന്തും
മുറിവാണുറവയായ്
പിറന്നു നദികളാ-
യൊഴുകിപ്പരക്കുന്നു...

ഇതു കാൽവരിക്കാലം;
നേരമില്ലാർക്കും തന്നെ.
കുരിശു താങ്ങീടുവാൻ
മടിക്കും ശിമയോന്മാർ.
കുരിശിൻ വഴികളിൽ
കരഞ്ഞു വീണീടുമ്പോൾ
കനിവിൻ കരം നീട്ടി
യെന്നെ നീ താങ്ങീടണേ...

------