Thursday, December 5, 2013

Malayalam-poem-GreenTree-And-DryTree-ഉണക്കമരം-പച്ചമരം

ഉണക്കമരം, പച്ചമരം
******************
പച്ചമരമൊച്ച വച്ചാർക്കുന്നു...
പൂക്കും നിറങ്ങളിലെത്തുന്നു 
കൂട്ടമായ് കിനാമധു 
കുടിച്ചു വറ്റിക്കുന്നവർ ...
കൂടുകൂട്ടുന്നു കുരുവികൾ
കുളിരുവറ്റാത്ത ചില്ലയിൽ ...

തൊട്ടടുത്തൊറ്റക്കൊരാൾ
ഞെട്ടറ്റിരിക്കുന്നു മൗനിയായ്
ഉണക്കമരം, ആളൊഴിഞ്ഞ
സത്രമായ് കിളിക്കൂടുകൾ ...
താഴെയൊരാൾ എരിയും
കനലുമായ് കാത്തിരിപ്പാണ -
ടുപ്പത്തത്താഴമൊരുക്കുവാൻ ;
മരമൊരു ചില്ല നീട്ടുന്നു...
----

Saturday, November 30, 2013

Malayalam-poem-Hospital-Of-The-Grasshopper-പച്ചത്തത്ത

പച്ചത്തത്തയുടെ ആശുപത്രി
*********************

Malayalam-poem-Hospital-Of-The-Grasshopper-പച്ചത്തത്ത















ശിശിരാങ്കിതമിക്കൊടും തണുപ്പിൽ
കാലേയെഴുന്നേറ്റു വാതിൽ തുറക്കെ,
നനഞ്ഞു വിറച്ചീ കോലായിലുണ്ട്
കാലൊടിഞ്ഞൊരു പച്ചത്തത്ത.

തിരക്കാണു ജീവിതം ; മരുന്നോ,
പച്ചത്തത്തകൾക്കാശുപത്രിയോ
ഇല്ലാത്തതിനാൽ, ഒന്നുമേ കാണാതെ,
തിരിഞ്ഞൊന്നു നോക്കാതെ പോകണം...

ഉള്ളു ചൊല്ലുന്നുറുമ്പരിക്കുവാനീ
പച്ചയെ വിട്ടേച്ചു നീ പോകുന്നുവോ?
മെല്ലെയാ പച്ചയിറ്റും കരച്ചിൽ
പൂട്ടിയ താക്കോലിനാലെടുക്കുന്നു.
തൊടിയിലെ തുളസിയാശുപത്രിയിൽ
കടമെടുത്ത പച്ച വാർഡിൽ വച്ചു
പച്ചത്തത്ത മുത്തശ്ശി മൊഴിയാകുന്നു;
ഭാഗ്യത്തിൻ പച്ചമണം പരക്കുന്നു.
---------

Malayalam-poem-Confession-കുമ്പസാരം

കുമ്പസാരം കഴിയുമ്പോഴുള്ള ചില തീരുമാനങ്ങൾ
************************************
തെറ്റിയ "പത്തുകൽപ്പനകൾ "
ഏറ്റുപറഞ്ഞിറങ്ങുമ്പോൾ
മനസ്താപജപങ്ങളിലൂടെ
മനസ്സിലേക്കൊരു മഴ പെയ്യുന്നു.

തീരുമാനങ്ങളുടെ വസന്തമാണിനി...
പുതിയ ജീവിതം നനച്ചൊരുക്കണം.
തത്തകളുടെ നഗരത്തിൽ നിന്നും
കിനാവിന്റെ ഒരു തരി പച്ച...,
മരുഭൂവിൽ നിന്നൊരു പിടി മണൽ ,
സങ്കീർത്തനത്തിന്റെ പുസ്തകത്തിൽ 
നിന്നും വിലാപം കഴിഞ്ഞവന്റെ
നേർച്ചയിറ്റുന്നൊരു വാക്ക്‌...,
അമ്മ തന്ന വെഞ്ചിരിച്ച കൊന്ത,
ഇസ്തിരിയിട്ട സ്നേഹം കൊണ്ട്‌
മക്കൾക്ക്‌ വാരിക്കൊടുക്കാൻ
കനിവു വറ്റാത്ത ഒരു ചോറുരുള,
വേരുമിലകളും പ്രണയിക്കും പോലെ
പ്രിയതമയ്ക്കൊരു ചുംബനപ്പാതി;
തടവുശിക്ഷ കഴിഞ്ഞ കുഞ്ഞുങ്ങളുടെ
അനാഥാലയത്തിലിടക്കിടെ
പങ്കു വയ്ക്കാനിറ്റു കരുണ...

ജീവിതത്തിന്റെ പാനപാത്രത്തിൽ
പറന്നിറങ്ങുന്നൂ വെളുത്ത പൂവുകൾ ...
------

Thursday, November 14, 2013

Malayalam-poem-The-Dreaming-Birds(കിനാവു കാണുന്ന പക്ഷികൾ)

Malayalam-poem-The-Dreaming-Birds(കിനാവു കാണുന്ന പക്ഷികൾ ) **********************
 വാക്കിരമ്പത്തിന്റെ നഗര രാത്രിയിൽ ഒരു പുരാതന സ്മൃതി പോലടരുന്നു താരകം. ചതുരങ്ങളിൽ കൂടുകൂട്ടി കൊരുത്തിരിക്കുന്നു വാക്കു കൊത്തി കിനാവു കാണുന്ന പക്ഷികൾ ... തിരയൊടുങ്ങാതീരങ്ങൾ നാം; ഇരവിന്റെയതിരുകൾ - ക്കപ്പുറമിപ്പുറം പെയ്യുന്നു പച്ച വറ്റാത്ത പൂമണങ്ങൾ ... 





























----

Saturday, September 21, 2013

Malayalam-poem-puravasthu-shekharam (പുരാവസ്തു ശേഖരം)

ഒരു പുരാവസ്തു ശേഖരം
ഒരുക്കുന്ന തിരക്കിലാണു ഞാൻ.
അടിക്കുറിപ്പുള്ള പൂപ്പടങ്ങൾ ,
കിളിയൊച്ചകളുടെ ഓഡിയോ,
ചവിട്ടുനാടകത്തിന്റെ വീഡിയോ...

നഗരങ്ങളിലേക്ക് ചേക്കേറുന്ന
അമേരിക്കൻ സായന്തനത്തിലോ
ആസ്ട്രേലിയനേകാന്തതയിലോ
മണൽക്കാറ്റവധിയിലോ വച്ച്
മക്കളെ വിളിച്ചു കാണിക്കണം....

ഇതൊരു മുക്കൂറ്റി മഞ്ഞ...,
മഞ്ഞപ്പിത്തക്കിടക്കയിൽ
അമ്മ തന്ന കീഴാർനെല്ലി...,
പൊക്കാളിപ്പാടപ്പച്ചപ്പുലരി,
മാടത്തക്കിളി മൊഴി...,
കുയിൽപ്പാട്ടിന്നെതിർപ്പാട്ട്,
കാവടി , കുമ്മാട്ടിക്കളി,
പള്ളിപ്പെരുന്നാൾ പ്രദക്ഷിണം

ഓണപ്പായസ മധുരവും
ഓപ്പോളെയെന്ന വിളിയും...
ഏതു കമ്പ്യൂട്ടറിലെങ്ങിനെ
ശേഖരിക്കണമെന്നറിയാതെ
മുള്ളു വേലിയിലുടക്കി
നിൽപ്പാണെന്റെ സാങ്കേതികം.

---------

Thursday, September 12, 2013

Malayalam-poem-colors-of-flower-Baiju (പൂനിറങ്ങളെങ്ങു പോകുന്നു?)

കൊഴിയുമീ പൂക്കൾതൻ
അഴകാം നിറങ്ങൾ
കിളിയൊച്ച പോലെങ്ങു
പോയ് മറയുന്നു...

മണ്ണിൽ  വീണലിയുമീ
പുണ്യ വർണ്ണങ്ങളെ
ഉറവകൾ ചുംബിച്ചു-
ണർത്തുന്നുണ്ടാവുമോ?

നിറങ്ങളില്ലാ നിറങ്ങൾ
അരുവിയായ്,
നീരാവിയായ് വീണ്ടും
പിറക്കുന്നുണ്ടാവുമോ?
വെള്ളിമേഘച്ചിറകേറി
മാലാഖയായ്
മാരിവില്ലാകാൻ
പറക്കുന്നുണ്ടാവുമോ?

വീണ്ടും മഴയിലലിഞ്ഞു
കിനാക്കളായ്
തൂവൽനിറങ്ങളായ്
പെയ്യുന്നുണ്ടാവുമോ?

നരകയാത്രകഴിഞ്ഞെത്തും
ചില നിറക്കൂത്തുകൾ
ചോരയായ് തെരുവിൽ
പടരുമ്പോൾ
നിറങ്ങളെല്ലാം വറ്റി
പിടയും വിയർപ്പുകൾ
പാലപ്പൂമണമായി
പടരുന്നുണ്ടാവുമോ?...

--------

Saturday, August 31, 2013

Malayalam-poem-Believe-without-seeing (കണ്ണടച്ച് വിശ്വസിക്കേണ്ടവ)

കണ്ണടച്ച് വിശ്വസിക്കേണ്ടവ
**********************

പുലർകാല സൂര്യനെ
ഹരിതത്തളിരുകൾ-
ക്കിടയിലൂടെ നോക്കി
ക്കണ്ണു മഞ്ഞളിക്കുമ്പോൾ
കണ്ടുവോ കദനത്തിൻ
കറുപ്പിറ്റും നെഞ്ചകം;
വെളിച്ചം പൊതിഞ്ഞൊരാ
തമസ്സിന്നഴിമുഖം...

അരുത് നോക്കരുത്
നേർകണ്ണാൽ വെളിച്ചത്തിൻ
തിരുക്കണ്ണുറവയെ...
എരിയുമൊരു തിരി-
ക്കറുപ്പിനെ, സൂര്യനെ,
നീറിടുമോരോ നെഞ്ചും
കടം കൊണ്ടൻപിൻ വീഞ്ഞായ്
കാസയിലിറ്റിപ്പോനെ...

നമ്മുടെ കദനങ്ങൾ
നെഞ്ചേറ്റിയെരിച്ചവർ
പകരും വെളിച്ചത്തെ
നോക്കുക...പകുത്തവർ
പകരും കരുണയിൽ
കണ്ണുനീരലിയിച്ച്
കണ്ണടച്ചവരെ നാം
വിശ്വസിച്ചറിയുക...
-------

Thursday, August 8, 2013

Malayalam-poem-Zoo Prisoners (ബെന്നാർഘട്ടയിലെ തടവുകാർ)


ബെന്നാർഘട്ടയിലെ* തടവുകാർ
**************************

















മൃഗശാലകളെത്ര കണ്ടിരിക്കുന്നു;
സിംഗപ്പൂരിലും തൃശൂരിലും
മൈസൂരിലും എവിടെയായാലും
പരോളുകിട്ടാത്തടവുകാർ
കാരിരുമ്പാഴത്തിലഴിയിട്ട നോവിൻ
കരളുമായ് കാത്തിരിക്കുന്നു...
ഏതു മുജ്ജന്മ പാപങ്ങളാണീ
സാധുക്കളെ കാടു കടത്തി
ഹരിതമൊരു തരി പോലുമില്ലാ-
ത്തൊരിക്കൂട്ടിൽ തടവിലിട്ടു.

ഇന്നു ഞാനീ ബെന്നാർഘട്ടയിൽ
മൃഗശാലപ്പാതിക്കപ്പുറം
കൊടിയകാടിൻ തടവറപ്പച്ചയിൽ
അഴിച്ചിട്ട സിംഹസ്വാതന്ത്ര്യ-
ഗർജ്ജനം പേടിച്ച,ഴിയിട്ട ബസിൽ
മൃഗങ്ങളെക്കണ്ടിരിക്കവേ
തടവൊരു നാനാർത്ഥമായ് വന്നു്
കൂടുകൂട്ടുന്നെന്റെ ചുറ്റിലും....
-------


* ബെന്നാർഘട്ട മൃഗശാലയിലെ സഫാരിക്കിടെയുള്ള ചിന്തകൾ...

Monday, July 29, 2013

Malayalam-poem-driverless-car (ഡ്രൈവർ ഇല്ലാത്ത കാർ)

ഡ്രൈവർ ഇല്ലാത്ത കാർ
*********************************

 















ഡ്രൈവറില്ലാക്കാറെത്ര
സുന്ദരമായിക്കാലിഫോർണിയൻ 
നിരത്തിലൂടോടുന്നു...
മായാജാലം...!

ചുവപ്പു പച്ച മഞ്ഞ
നിറങ്ങളെല്ലാമറിഞ്ഞെ-
വിടെ നിറുത്തേണ-
മവിടെ നിറുത്തിയും,
എവിടെയിടംവലം
തിരിഞ്ഞുമുന്നേറണ
മവിടെ തന്നെത്താനെ
തിരിഞ്ഞുമാർക്കും തന്നെ
തടസമായീടാതെ
നഗരദൂരം താണ്ടും
യന്ത്രമാന്ത്രികം കാൺകെ
ഓർക്കുന്നു പലപ്പോഴും
ഡ്രൈവറില്ലാത്ത ഗൂഗിൾ
കാറുപോലല്ലോ നമ്മൾ
യൗവ്വനക്കനൽപ്പാത
താണ്ടുവാൻ തുടങ്ങുമ്പോൾ...

അച്ഛനമ്മയും ഗുരു
ഭൂതരും വഴികാട്ടി
ത്തെളിച്ച ബാല്യം വിട്ടീ-
പ്പാതയിലിറങ്ങുമ്പോ-
ളെന്തു കൊണ്ടാണു ചിലർ
ചുവപ്പിൽ നിറുത്താതെ-
യോടുന്നു; വഴിപ്പച്ച
കാണാതെയിടറുന്നു...
-----

ഡ്രൈവർ ഇല്ലാത്ത ഗൂഗിൾ കാർ - http://en.wikipedia.org/wiki/Google_driverless_car

Friday, July 26, 2013

Malayalam-poem-Kerala-restaurants-in-Sunnyvale (സണ്ണിവേലിലെ* മലയാളിഭോജനശാലകൾ )

 സണ്ണിവേലിലെ* മലയാളിഭോജനശാലകൾ
************************************
ഏകാന്തമീ കാലിഫോർണിയൻ
ശൈത്യ സായന്തനത്തിലൊരു
മലയാളിഭോജനശാല
തേടിയിറങ്ങുന്നൊരാൾ...
സണ്ണിവേലിലെ സ്പൈസ്‌ ഹട്ടിൽ
മലയാളത്തിൽ ഓർഡർ ചെയ്ത
ഇടിയപ്പവും വെള്ളേപ്പവും
കഴിക്കുമ്പോൾ അല്പനേരമെങ്കിലും
തൂശനിലയിട്ടൊരെൻ മാനസം
കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ
തടവും കിനാക്കളും വിട്ട്‌
കൊച്ചിയിലേക്ക്‌ പറന്നു പോകുന്നു.

അമ്മവെച്ച മീമ്പുളിച്ചാറും
അമ്മാമ്മയിട്ടൊരുപ്പുമാങ്ങയും
പ്രണയത്തിന്റെ ചുംബനപ്പാതിയും
ഇന്റെർനെറ്റിലൂടൊരിക്കലും
ഡൗൺലോഡ് ചെയ്യരുതെന്നാരോ
വന്നെന്റെ കാതിൽ മന്ത്രിക്കുന്നുവോ...

മിൽപിട്ടാസിലൊ , സാൻഹൊസേയിലോ
ഉള്ള മലായാളിഭോജനശാലകളിൽ
പോയിട്ടില്ലൊരിക്കലും ഞാൻ...
പ്രവാസദുഃഖത്തിന്നഗ്നിപർവ്വങ്ങൾ
എല്ലാം മറന്നത്താഴമുണ്ണുമ്പോൾ
ഓർമ്മക്കനൽ നീറ്റുവാനില്ല ഞാൻ...

-----

*സണ്ണിവേൽ - കാലിഫോർണിയയിലെ സോഫ്റ്റ്‌ വെയർ കമ്പനികളുടെ പട്ടണം.

Monday, July 1, 2013

Malayalam-poem-endless-rain (തോരാതെ പെയ്യുന്ന മഴ)

മഴക്കവിതകൾ (poems about rain)
 --------------------- 
1.വേനൽ മഴ

"നിളതന്നുറവകൾ
വറ്റുന്നു...കുളിരോലു-
മിളം കാറ്റൊടുങ്ങുന്നു...
രാത്രിയാകുന്നൂ സഖീ..."


ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം  





2. തോരാതെ പെയ്യുന്ന മഴ

മഴയൊന്നു പെയ്യുമ്പോൾ
പുഴയൊന്നു നിറയുമ്പോൾ
കടലൊന്നു പിണങ്ങുമ്പോൾ
കുടിലൊന്നു കരയുമ്പോൾ
മഴ പോലെ പെയ്യുമ്പോൾ
പുഴ പോലെ നിറയുമ്പോൾ
കടൽ വീണ്ടും പിണങ്ങുമ്പോൾ


കുടിൽ വീണ്ടും കരയുമ്പോൾ...
മഴ വീണ്ടും പെയ്യുമ്പോൾ
പുഴ വീണ്ടും നിറയുമ്പോൾ...

----

a humble experiment with endless poem or cyclic poem ....rain-->river-->sea--> the hut--> rain --> river-->sea-->....

Tuesday, June 25, 2013

First Trip to a new country




















When we travel first time
All alone to a new country
Many worries will land
Along with you at the airport.
 

Somebody at the Immigration
Will be scanning our eyes
using the camera lenses
to take an image of our worries,
The colors Of our dreams
From our thumb impressions...
The dates of our solitude
Will be stamped on passport.
 

San Francisco, when did I land
Into your colorful dreams
Like a silent computer robot
By loaning my village memories.
-----

Saturday, June 15, 2013

Malyalam-poem-what-plants-teach-us (ചെടികൾ പഠിപ്പിക്കുന്നത്)














സ്നേഹം ഒരു ചെടിയാണ്‌
ക്ഷമ വെളുത്തൊരു പൂവ്...
കൊഴിയുമിലകളിലൂടെയാവണം
വേദനകൾ മറക്കേണ്ടത്...

ദ്രോഹിച്ചവരെ മറക്കരുത്...
മണ്ണിൽ വീണില ഞരമ്പുകൾ
ഹരിതമായ് പുനർജ്ജനിക്കുമ്പോൾ
തണലായ് അവരോട് പൊറുക്കുക...

-----

കടപ്പാട് : ഫാദർ ജേക്കബ് മഞ്ഞളി

Malyalam-poem-thunder-ഇടിമുഴക്കങ്ങളെക്കുറിച്ച്...

വെളിച്ചെണ്ണയുമുപ്പും
കുഴച്ച ചോറത്താഴം
കഴിഞ്ഞൊരിടവരാത്രിയിൽ
കിഴക്കെപുഴക്കക്കരെ
നിന്നൊരു ഭൂതം പോലെ
ഇടിവെട്ടിൻ മുരൾച്ചകൾ
വീടിന്നടുത്തടുത്തേ-
ക്കിടിവാൾചുഴറ്റിയെത്തവേ
അച്ഛൻ പറഞ്ഞതോർക്കുന്നു
“മിന്നലുമിടിയുമൊന്നിച്ചായാൽ
തൊട്ടടുത്താണവ സൂക്ഷിക്കുക”

ഇടവച്ചോർച്ച രാത്രികൾ...
പച്ചോലക്കീറുകൾ കൊണ്ട്
ജീവിതച്ചോർച്ചകളടക്കാൻ
പാടുപെടുമെന്നച്ഛൻ...

ഇടിമുഴക്കപ്പേടിയിൽ
കാതുപൊത്തും പെങ്ങൾ.
ബാർബര പുണ്യാളത്തിയോട്
പ്രാർത്ഥിക്കണമെന്നു ചൊല്ലി
തോരാമഴക്കഥകളായ്
പെയ്യുമെന്നമ്മ വ്യാകുലങ്ങൾ.

കൊച്ചിയിലോ, ദില്ലിയിലോ
കാലിഫോർണിയായിലോ
എവിടെയായിരുന്നാലും
ഇടിമുഴക്കം ദൈവത്തിന്റെ
തേരൊച്ച പോലെയാണ്‌...
ദൂരെയെങ്ങോ നിന്നും വന്നു..
വീടിന്റെ മുകളിലൂടെ
എതിർദൂരങ്ങളിലേക്ക് പോകുന്നവ.
എന്തിനാണവയെൻ
മുന്നിലെത്തുമ്പോൾ
ഒച്ചകൂട്ടിയാർത്തിരമ്പുന്നത്...?

ഇടിമുഴക്കത്തിന്റെ
ആകാശയാത്രകൾ
നോക്കി നിന്നിട്ടില്ലെങ്കിൽ
മാനം കറുക്കുമടുത്ത സന്ധ്യയിൽ
തെല്ലുനേരമാത്തേർവാഴ്ചതൻ
നാനാർത്ഥങ്ങൾ കണ്ടിരിക്കുക...
മേഘത്തേരേറിപ്പറക്കും
പിതൃക്കളുടെ രോദനങ്ങൾ
ഇടിമുഴക്കത്തിലൂടെ നിൻ
മുന്നിൽ വീണുടയുന്നുണ്ടാകും.
പ്രണയം വറ്റിയവരുടെ
ചുംബനങ്ങളാലിപ്പഴങ്ങളായ്
പെയ്തു വീഴുന്നുണ്ടാകും...
--

Malayalam-poem-seasons-ഋതുഭേദങ്ങൾ

നമ്മുടെയെല്ലാം ജീവിതങ്ങൾ
പല നക്ഷത്രങ്ങൾക്കു ചുറ്റിലും
മാറി മാറിയുള്ള ഭ്രമണത്തിലാണ്‌...
അതുകൊണ്ടാണു് നമ്മുടെ കവിതകൾ
സമയം തെറ്റിയ ഋതുഭേദങ്ങളിലൂടെ
കടന്നുപോകാൻ വിധിക്കപ്പെടുന്നത്...

വാക്കു വറ്റുന്ന വേനലിൽ സഖീ
പങ്കിട്ടെടുക്ക നാം വേദനക്കാഴ്ച്ചകൾ.
വാക്കുണങ്ങുന്ന ഗ്രീഷ്മമേ
വേനൽമഴക്കവിതയായ് പെയ്യുക...
വാക്കുകൾ മഞ്ഞിലുറയുന്ന ശിശിരമേ
സ്വപ്നങ്ങളുടെ നിറങ്ങളിൽ നിന്നും
കവിതാവസന്തമായ്, പൂക്കളായ്
നാളെ നീ പുനർജ്ജനിക്കുക...
-----

Saturday, May 25, 2013

ഋഷികേശിലെ കാഴ്ചകൾ





















ഋഷികേശ്‌ ...ഡിസംബറിൻ
മഞ്ഞുവീഴുമന്തിയിൽ
ഇലക്കുമ്പിളിൽ കിനാ-
പ്പൂക്കൾ വില്ക്കുമന്ധയാം
വൃദ്ധ ഭിക്ഷുണിയുടെ
നൊമ്പരക്കനലാറ്റി
കൺ നിറഞ്ഞൊഴുകീടും
പുണ്യ ഗംഗാഗ്നി തീർത്ഥം...

സീതയാണിവളൊരു
ശിംശപാവൃക്ഷത്തണൽ
പോലുമേയില്ലാതെരിഞ്ഞേ-
കയായ് നീറുന്നവൾ...

തർപ്പണതീരം താണ്ടി-
യക്കരെയെത്തീടുമ്പോൾ
ഋഷികേശ് കാലത്തിന്റെ
കദനാഗ്നിയിൽ വാടി
യുണങ്ങിച്ചുളിഞ്ഞൊരു
രുദ്രാക്ഷം പോലെ ധ്യാന
മൗനിയായ് നീറുന്നൊരീ
ഏകനാം വൃദ്ധനെപ്പോൽ...

ആരതി വെളിച്ചമേ
ഇവർക്കു കനിവിന്റെ
വെട്ടമായ് വന്നീകൈകൾ
പിടിച്ചു നടക്കുക...
ഹരിദ്വാറിലെ ഗംഗാ-
തീരത്തു നിന്നും ഹിമ-
പർവത്തിലേക്കു വേഗം
പറക്കുമാത്മാക്കളേ
ഏകാന്തമീ വാതിൽക്കൽ
വന്നൊന്നു നിന്നീടുക..
ഇവർക്കു കൂട്ടായല്പം
തൺൽ വിരിച്ചീടുക...
---

Saturday, May 18, 2013

ഇത്തിക്കണ്ണികളുണ്ടാവുന്നത്

മാവുമിലഞ്ഞിയുമന്യം
നിന്നേ പോവുന്നതിനാൽ
ഇത്തിക്കണ്ണികൾ
വേരുകൾ പാകി
പ്പടരുന്നിപ്പോൾ
നമ്മുടെ നെഞ്ചിൻ
തായ്ത്തടിയിൻമേൽ.

ചോരകുടിക്കുകയാണീ
യിത്തിക്കണ്ണികൾ
അട്ടകളെപ്പോൽ...!
സമയത്തിൻ ചോര...;

നമ്മുടെ കുഞ്ഞു
കുടുംബത്തിന്നായ്
നാമില നീട്ടും
തണലിൻ പച്ച...
നല്ലൊരയൽക്കാരന്നായ്
കരുതിയ കനിവിൻ കാതൽ.
തിന്നുകയാണെല്ലാ
മിത്തിക്കണ്ണികൾ
നോക്കിയിരിപ്പൂ നാം.

-----

പ്രവാസിയുടെ വേനലവധി

വേനലവധിയാകുമ്പോൾ
കുഞ്ഞുങ്ങൾ മുത്തശ്ശിക്കഥകളിലേക്ക്‌
ആണ്ടുയാത്രപോകും...
അമ്മയും കുഞ്ഞുങ്ങളും
മാതളനാരകത്തണലത്തിരുന്ന്‌
ഇലഞ്ഞിപ്പൂക്കൾ കോർക്കും...
ജോലിത്തിരക്കിന്റെ വേനലിൽ
നഗരദുരിതത്തിൽ നീ ഒറ്റപ്പെട്ടുപോകും.

കുഞ്ഞുങ്ങളുടെ വേനലവധിയിൽ
നഗരത്തിലെ വീട്ടിലൊറ്റക്കിരിക്കരുതെ-
ന്നൊരു മുതുനെല്ലിക്ക പോലച്ഛൻ...

“അൽ-എയിൻ” തോട്ടത്തിലെ പൂനിറങ്ങൾ
നിന്റെ വാതില്ക്കൽ വന്നു മുട്ടിവിളിക്കും...
സാൻ ഫ്രാൻസിസ്കോയിലെ
മെക്സിക്കൻ വീഞ്ഞുശാലയിൽ നിന്നും
വീഞ്ഞൊഴിയാ സ്ഫടികങ്ങൾ
നിന്റെ പുറകെ നടന്നു വരും...
കൊന്ത ചൊല്ലിക്കഴിയുമ്പൊഴേക്കും
അത്താഴത്തിനു മുകളിലൂടെ
സാത്താൻ നിന്റെ ഹൃദയത്തിലേക്ക്‌
ഒരു പാലം പണിയാൻ തുടങ്ങും...
ഐപാഡിന്റെ ചില്ലുജാലകം തുറന്നു
ഇന്റെർനെറ്റിലൂടെയവൻ
തീത്തിളക്കമുള്ള ലോകം കാണിച്ചു തരും.
തക്കം പാർത്തിരിക്കുമയല്ക്കാരൻ
കുതന്ത്രങ്ങളുടെ മാരീചനായ്‌ വരും.

------

വോട്ടു ചെയ്യുമ്പോൾ














വോട്ടു ചെയ്യുമ്പോൾ എല്ലാം മറക്കണം
കറുത്ത കണ്ണടകളൂരി നാം വയ്ക്കണം
പതാകകൾ തുന്നി കുഞ്ഞുടുപ്പുണ്ടാക്കി
തെരുവുകുഞ്ഞിന്റെ തണുപ്പകറ്റീടണം.
ചിഹ്നങ്ങൾ എല്ലാം ചട്ടിയിൽ വേവിച്ച്‌
പാവങ്ങൾക്കെല്ലാം തിന്നാൻ കൊടുക്കണം.

ഇടം വലം നോക്കാതെ, ഒറ്റശ്വാസത്തിൽ
ചിഹ്നമില്ലാ നേരിന്ന്‌ വോട്ടമർത്തീടണം.*
വോട്ട്‌ ചെയ്യുന്നതെന്തിനെന്നോർക്കുക
തൊഴിലു തന്നെന്റെ വിശപ്പു മാറ്റീടുവാൻ
ജീവൻ ത്യജിക്കും പ്രവാചകരില്ലെങ്കിൽ
നിൻ പേരു ചേർത്തു നീ വോട്ടമർത്തീടുക...


* ഇന്നു വോട്ടിഗ്‌ യന്ത്രത്തിൽ ബട്ടൺ അമർത്തി നാം വോട്ട്‌ ചെയ്യുന്നതു്...

--------

കവിത : വോട്ടു ചെയ്യുമ്പോൾ
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം 

Wednesday, May 8, 2013

പള്ളിപ്പുറം കോട്ട* കാണുമ്പോൾ...















1503
------
പള്ളിപ്പുറം കോട്ട കാണുമ്പോൾ
അഞ്ചാം ക്ലാസിൽ സെബാസ്റ്റ്യൻ
പറഞ്ഞ 

കഥയിൽ നിന്നൊരു
പോർച്ചുഗീസ് ഭടനിറങ്ങി വരുന്നു.

1663
----
ഗീവർഗ്ഗീസ് പുണ്യാളനെപ്പോലെ
തൊപ്പിവച്ച കുറേ ഡച്ചുകാർ.
കുതിരക്കുളമ്പടികളടുത്തെത്തവേ
കരയാമ്പൂ മണമുള്ള കാറ്റിൽ നിന്നും
തലയറ്റു പോയ കാപ്പിരിക്കരച്ചിലുകൾ
“മായ്...മായ്..” എന്നു് പിടഞ്ഞുവീഴുന്നു.

1780-നു ശേഷമെപ്പൊഴോ...
-----------------------
ഇപ്പോൾ പുഴക്കക്കരെ നടുക്കമായ്
ടിപ്പുവിൻ പീരങ്കിയൊച്ചകൾ കേൾക്കാം.
മഞ്ഞുമാതാവിൻ പള്ളിക്കു ചുറ്റും
മൂടൽ മഞ്ഞു വന്നു കൊന്ത ചൊല്ലുന്നു.
ടിപ്പുവിന്റെ പീരങ്കി പള്ളിയുന്നം തെറ്റി
കോട്ടത്തല തകർത്തെൻ മുന്നിലൂടെ
പെരിയാറ്റിലേക്ക് വീണുമുങ്ങുന്നു...

1979
-----
കോട്ടയിൽ നിന്നും കൊടുങ്ങല്ലൂർ
കോട്ടയിലേക്കൊരു തുരങ്കമുണ്ടെന്നു
ചൊല്ലും മുത്തശ്ശിയെൻ മുന്നിൽ നില്ക്കുന്നു.
മെഴുതിരികത്തിച്ച് ഗുഹയിലേക്കിറങ്ങി
കാണാതായവരുടെ ആത്മാക്കൾക്കുവേണ്ടി
ഒപ്പീസു ചൊല്ലിയ പാതിരി തിരിച്ചു പോകുന്നു...

2013
----
ത്രിസന്ധ്യാജപത്തിന്റെ പള്ളിമണിമുഴക്കം.
കോട്ടയിലിരുട്ടുമൂടുമ്പോൾ
കരിയിലയനക്കമായൊരു പഴങ്കഥപ്പേടി.
നന്മ നിറഞ്ഞ മറിയമേയെന്നു ചൊല്ലി
ഞാൻ തിരിഞ്ഞു നടക്കുന്നു...

=======

* ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള കോട്ട(http://en.wikipedia.org/wiki/Pallipuram_Fort ). എന്റെ ഗ്രാമത്തിലുള്ള ഈ കോട്ട ഈയിടെ സന്ദർശിച്ചപ്പോൾ മനസ്സിലുദിച്ചു വന്ന ചില തോന്നലുകൾ.

മഴയിലൂടെ പെയ്യുന്നവ

















മഴയിലൂടെ പെയ്തിടുന്നൂ
കൊടും കാടിൻ കിനാപ്പച്ച...
കാട്ടുവീട്ടിക്കരിങ്കാതൽ...
ചെമ്പരത്തിപ്പൂനിറങ്ങൾ
ചെണ്ടമേള പ്പെരുക്കങ്ങൾ
മയിൽപ്പീലിക്കാവടികൾ...
മഴയിലൂടെ മിഴിതുറപ്പൂ
വിത്തുകളായ് ദൈവസ്നേഹം..

മഴയിലൂടെ പെയ്തിടുന്നൂ
പ്രണയാർദ്ര നിമിഷങ്ങൾ...
പിച്ചവയ്ക്കുമൊരു കുഞ്ഞിൻ
കാൽപ്പാടു താണ്ടും ദൂരങ്ങൾ...

വിത്തു പെയ്യും മഴ തോർന്നു
വിത്തു പൊട്ടി മുളക്കുമ്പോൾ
അന്തമില്ലാച്ചാക്രികത്തിൽ
മൺതരി നാം അറിവൂ ഞാൻ...

-----

Sunday, May 5, 2013

Malayalam-poem-Calvary-Golgotha-കാൽവരി


















നൊമ്പരക്കുരിശാഴം ;
ചങ്കിലേക്കാഴ്ന്നിറങ്ങും
മൂർച്ച തന്നിരുട്ടിലു-
മന്ധന്നു വെളിച്ചമായ്
അവസാനത്തെ ചോര-
ത്തുള്ളിയും കരുണയാ-
യിറ്റിച്ചു ബലിയാടായ്
പിടപ്പൂ സ്നേഹാർദ്രം നീ...

നീതിമാൻ ചോര ചിന്തും
മുറിവാണുറവയായ്
പിറന്നു നദികളാ-
യൊഴുകിപ്പരക്കുന്നു...

ഇതു കാൽവരിക്കാലം;
നേരമില്ലാർക്കും തന്നെ.
കുരിശു താങ്ങീടുവാൻ
മടിക്കും ശിമയോന്മാർ.
കുരിശിൻ വഴികളിൽ
കരഞ്ഞു വീണീടുമ്പോൾ
കനിവിൻ കരം നീട്ടി
യെന്നെ നീ താങ്ങീടണേ...

------

Thursday, April 4, 2013

Malayalam-poem-interview-ഇന്റർവ്യു

പലതുണ്ട്‌ മുഖാമുഖങ്ങൾ, പരീക്ഷകൾ
തോറ്റതെത്ര നന്നായി പലതിലും...
ദൈവമെപ്പൊഴും നല്ലതൊന്നൊരുക്കി
കാത്തിരിക്കുന്നുവെന്നോർക്ക നാം...

മുളക്കാതെ പോയെത്രയോ വിത്തുകൾ
പിറക്കാതെ പോയെത്ര മയിൽപ്പീലികൾ
ഓടിയെത്തും മുമ്പേ വിട്ടുപോം വണ്ടികൾ
വാക്കുകൾ കിട്ടാതണഞ്ഞെത്ര കവിതകൾ...

തിരിഞ്ഞു നോക്കുമ്പോഴറിയുന്നു നിന്നെ ഞാൻ
കയ്യൊപ്പിടാതെ നീ വർഷിച്ച കനിവുകൾ...
വിത്തിനു പകരം ഓണപ്പൂക്കളായ് തന്നവ
നിറമയിലാട്ടമായ് എൻ നെഞ്ചുതൊട്ടവ...
കരുണയായ് വന്നെന്റെ ജീവിതം കാത്തവ
മാരിവില്ലായ് വന്നു ചായം പകർന്നവ...
തിരിയണക്കാതിരിക്ക നാം...വരുമവൻ
തീർത്ഥാടനം കഴിഞ്ഞെത്തുമഥിതിയെപ്പോലെ...

---------

ഫീനിക്സ് ഒരു പക്ഷിയല്ല...!

ഹിരോഷിമയിലെ
ചോരയിറ്റുന്ന രോദനങ്ങളുടെ
അണുതുപ്പുന്ന ചാരത്തിൽ നിന്നും
പൊള്ളിക്കൊരുത്ത ഒരു ജനതയുടെ
തളരാത്ത മനസ്സാണു്...ഫീനിക്സ്.

ആശയുടെ കടുകുമണിയിൽ നിന്നും
ബോധിവൃക്ഷത്തിലേക്കുള്ള തണലാഴം.
ഉപ്പുസത്യാഗ്രഹത്തിന്റെ ഉച്ചവെയിലും
വെടിയുണ്ടകളുടെ രക്തദാഹവും കഴിഞ്ഞ്
പറക്കുന്ന പതാകകൾ നിറയെ
ഫീനിക്സിന്റെ തൂവലുകളാണു്.
ഒരു മഴയുടെ അഹിംസയിലൂടെ കാട്ടുതീ
സൗരയൂഥത്തിലേക്ക് തിരിച്ചുപോകുന്നു.
കാട്ടുകുടിലിന്റെ മുറ്റത്ത്
മഴ നനഞ്ഞ ചാരത്തിൽ
ഒരു കുഞ്ഞ് ആദ്യാക്ഷരങ്ങളെഴുതുന്നു.

കീമോത്തെറാപ്പി ലാബിലെ
കനലുനീറുന്ന നൊമ്പരങ്ങളിൽ നിന്നും
ചോര വറ്റാത്തൊരു ക്രിക്കറ്റ് ബാറ്റ്.
ഫീനിക്സ് ഇപ്പോൾ അടുത്ത പന്ത്
മൈതാനത്തിനു ചുറ്റുമുള്ള
ആരവങ്ങൾക്ക് മുകളിലൂടെ
പറത്താൻ കാത്തുനില്ക്കുന്ന
ഒരു ക്രിക്കറ്റ് കളിക്കാരനാണു്.
-------------