Friday, November 9, 2012

Malayalam-poem-Fever-പനി

Malayalam-poem-Fever-പനി 
പനി... മഴച്ചാറ്റലിൻ പിന്നിലൂടോടിയെത്തി,
ചെങ്കനൽച്ചൂടായൊരു പൈതലിൻ
കുരുത്തോല മേനിയിൽ
തീച്ചാമുണ്ഡിത്തെയ്യമായ്‌ തുള്ളുന്നവൻ.

തുളസി നീരിൻ പച്ചച്ചിറകിലേറി ഒരു
മാലാഖ വന്നു മെല്ലെ തഴുകിയുറക്കുമ്പോൾ
ഓർമ്മതൻ ചില്ലുടഞ്ഞു പുലമ്പുമവ്യക്തമാം
വാക്കുകളായി ഞെട്ടിത്തെറിച്ചും, വിതുമ്പിയും
പാതിരാമയക്കത്തിൻ ശീല കീറുന്നൂ...പനി.

താഴെവീണുടഞ്ഞൊരു തെർമോമീറ്ററിൽ നിന്നും
പനി പുറത്തുചാടി പടരാൻ തുടങ്ങുന്നൂ...
വയൽ കരിച്ചും പിന്നെ വലിയ കാടെരിച്ചും
വറുതിയാലെൻ പുഴ വറ്റിച്ചും
മാറാപ്പനി പെരുകിപ്പടരുമ്പോൾ
പനി പിടിച്ച കുറേ ഭരണകൂടങ്ങളിൽ
മരുന്നുകൾ കിട്ടാതെ തടവിലാക്കപ്പെട്ട
മേശകൾ , കസേരകൾ,
ചോരതുപ്പും പേനകൾ;
പൊട്ടിയ ഗാന്ധിച്ചിത്രം.

പകൽയാത്രകൾ കഴിഞ്ഞെത്തുന്നു പനി വീണ്ടും.
അന്തിയാകുമ്പോൾ ചൂടു കൂടുന്നൂ...നോവേറുന്നൂ...
മെർക്കുറി നൂറിൻ മേലേ പൊള്ളുവാൻ തുടങ്ങുമ്പോൾ
നീറ്റലായമ്മനെഞ്ചിൽ പടരുന്നിപ്പോൾ...പനി...!
----------

(Malayalam-Poem-Kaleidoscope-കാലിഡോസ്കോപ്പ്‌


 












കർക്കിടകപ്പെരുന്നാളിന്റെ
മഴക്കോളുകൾക്കിടയിലൂടെ
മഴവില്ലു കണ്ട ദിവസം
ഞാൻ അച്ഛനോട്
മഴവില്ലു തരുമോയെന്നു ചോദിച്ചു.

ദൈവത്തിന്റെ ഫോട്ടോകൾ
ത്രിമാനത്തിൽ ഫ്രെയിം ചെയ്യുന്ന

കോലോത്തുംകടവിലെ
ചില്ലു കടയിൽ നിന്നും
സ്വർഗ്ഗത്തിലേക്കുള്ള
ഇടുങ്ങിയ വാതിൽ പോലെ
നീണ്ട ദീർഘചതുരത്തിലുള്ള
മൂന്നു കണ്ണാടിമിനുപ്പുകൾ...
ഇനി വളപ്പൊട്ടുകൾ
വേണമെന്നച്ഛൻ...

കരിവളകളൂരിത്തന്ന പെങ്ങളോട്
നിന്റെ സ്നേഹം മാത്രം
മതിയെന്നു പറഞ്ഞു്
ഞാനവ തിരികെക്കൊടുത്തു.
കുപ്പിവളകളില്ലാത്ത
കൂട്ടുകാരത്തിയോട് ഞാൻ
വളപ്പൊടുകൾ ചോദിച്ചില്ല.

മഞ്ഞുമാതാവിന്റെ
പെരുന്നാൾ മുറ്റത്തെ
വളക്കടയ്ക്കു മുന്നിൽ
വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
മുറിഞ്ഞ വിരൽച്ചോരയിലൂടെ
കുറേ മഴകളൊഴുകിപ്പോകുന്നു.

മഴ നനഞ്ഞ ജീവിതമിപ്പോൾ
കാലിഡോസ്കോപ്പിന്റെ
ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
ഒരു മഴവിൽ മത്സ്യമാണു്.
നിറങ്ങളുടെ സിംഫണിയിൽ
പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?
-------------