Friday, November 9, 2012

Malayalam-poem-Fever-പനി

Malayalam-poem-Fever-പനി 
പനി... മഴച്ചാറ്റലിൻ പിന്നിലൂടോടിയെത്തി,
ചെങ്കനൽച്ചൂടായൊരു പൈതലിൻ
കുരുത്തോല മേനിയിൽ
തീച്ചാമുണ്ഡിത്തെയ്യമായ്‌ തുള്ളുന്നവൻ.

തുളസി നീരിൻ പച്ചച്ചിറകിലേറി ഒരു
മാലാഖ വന്നു മെല്ലെ തഴുകിയുറക്കുമ്പോൾ
ഓർമ്മതൻ ചില്ലുടഞ്ഞു പുലമ്പുമവ്യക്തമാം
വാക്കുകളായി ഞെട്ടിത്തെറിച്ചും, വിതുമ്പിയും
പാതിരാമയക്കത്തിൻ ശീല കീറുന്നൂ...പനി.

താഴെവീണുടഞ്ഞൊരു തെർമോമീറ്ററിൽ നിന്നും
പനി പുറത്തുചാടി പടരാൻ തുടങ്ങുന്നൂ...
വയൽ കരിച്ചും പിന്നെ വലിയ കാടെരിച്ചും
വറുതിയാലെൻ പുഴ വറ്റിച്ചും
മാറാപ്പനി പെരുകിപ്പടരുമ്പോൾ
പനി പിടിച്ച കുറേ ഭരണകൂടങ്ങളിൽ
മരുന്നുകൾ കിട്ടാതെ തടവിലാക്കപ്പെട്ട
മേശകൾ , കസേരകൾ,
ചോരതുപ്പും പേനകൾ;
പൊട്ടിയ ഗാന്ധിച്ചിത്രം.

പകൽയാത്രകൾ കഴിഞ്ഞെത്തുന്നു പനി വീണ്ടും.
അന്തിയാകുമ്പോൾ ചൂടു കൂടുന്നൂ...നോവേറുന്നൂ...
മെർക്കുറി നൂറിൻ മേലേ പൊള്ളുവാൻ തുടങ്ങുമ്പോൾ
നീറ്റലായമ്മനെഞ്ചിൽ പടരുന്നിപ്പോൾ...പനി...!
----------

(Malayalam-Poem-Kaleidoscope-കാലിഡോസ്കോപ്പ്‌


 












കർക്കിടകപ്പെരുന്നാളിന്റെ
മഴക്കോളുകൾക്കിടയിലൂടെ
മഴവില്ലു കണ്ട ദിവസം
ഞാൻ അച്ഛനോട്
മഴവില്ലു തരുമോയെന്നു ചോദിച്ചു.

ദൈവത്തിന്റെ ഫോട്ടോകൾ
ത്രിമാനത്തിൽ ഫ്രെയിം ചെയ്യുന്ന

കോലോത്തുംകടവിലെ
ചില്ലു കടയിൽ നിന്നും
സ്വർഗ്ഗത്തിലേക്കുള്ള
ഇടുങ്ങിയ വാതിൽ പോലെ
നീണ്ട ദീർഘചതുരത്തിലുള്ള
മൂന്നു കണ്ണാടിമിനുപ്പുകൾ...
ഇനി വളപ്പൊട്ടുകൾ
വേണമെന്നച്ഛൻ...

കരിവളകളൂരിത്തന്ന പെങ്ങളോട്
നിന്റെ സ്നേഹം മാത്രം
മതിയെന്നു പറഞ്ഞു്
ഞാനവ തിരികെക്കൊടുത്തു.
കുപ്പിവളകളില്ലാത്ത
കൂട്ടുകാരത്തിയോട് ഞാൻ
വളപ്പൊടുകൾ ചോദിച്ചില്ല.

മഞ്ഞുമാതാവിന്റെ
പെരുന്നാൾ മുറ്റത്തെ
വളക്കടയ്ക്കു മുന്നിൽ
വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
മുറിഞ്ഞ വിരൽച്ചോരയിലൂടെ
കുറേ മഴകളൊഴുകിപ്പോകുന്നു.

മഴ നനഞ്ഞ ജീവിതമിപ്പോൾ
കാലിഡോസ്കോപ്പിന്റെ
ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
ഒരു മഴവിൽ മത്സ്യമാണു്.
നിറങ്ങളുടെ സിംഫണിയിൽ
പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?
-------------

Wednesday, October 31, 2012

തറവാട്


നഗരകാന്താരത്തിൽ നട്ടുച്ചയെരിയുമ്പോൾ
നാട്ടിൽ നിന്നച്ഛനെന്തോ പറയാൻ വിളിക്കുന്നു...
“നമ്മുടെ തറവാട്‌
വിൽക്കുവാൻ പോകുന്നു“ വെന്നച്ഛന്റെ
തോരാമഴ പെയ്യുന്നെന്നിടനെഞ്ചിൽ.

“കിഴക്കേ മുറ്റം നിറച്ചക്ഷര വടിവുകൾ
വരക്കാനച്ഛൻ പഠിപ്പിച്ച സായന്തനങ്ങൾ...

ഇടവപ്പാതിച്ചോർച്ച തീരാതെ ,
മഴ നനഞ്ഞത്താഴമുണ്ടുറങ്ങും
കഷ്ടകാല രാത്രികൾ...
ഓർക്കുന്നോ ഇവയെല്ലാം...”
പൊടി പിടിച്ച കുറേ മഴകളാർത്തലച്ചു
പെയ്യും പോൽ നിർത്താതച്ഛൻ...

മാരിവില്ലുകൾ കൊത്തി പ്പറിക്കാനെത്തുന്നാരോ...
വേരുകൾ പറിക്കുംപോൽ വ്യാകുലം നീറുന്നുള്ളിൽ...

തെക്കേവഴിക്കപ്പുറം വീടുമായ്
പെസഹായിൽ പങ്കുവച്ചു നാമെത്ര
നഗരികാണിക്കലിൻ ദുഖഃവെള്ളിയാഴ്ചകൾ;
വടക്കേതിലെ വൈദ്യൻ
കനിവിന്നില കൂട്ടിപ്പകരും മരുന്നുകൾ...

പണ്ടൊരു വെള്ളപ്പൊക്കപ്പാച്ചിലിലൊഴുകി
വന്നൈശ്വര്യസുഗന്ധമായ്
കിഴക്കേത്തൊടിക്കോണിൽ
വളർന്നൊരിലഞ്ഞി തൻ
തണൽത്തലോടലുകൾ...
അരോരുമില്ലാതൊറ്റപ്പെട്ടു പോം പുലരിയിൽ
അമ്മയ്ക്കു് സാന്ത്വ
നത്തിൻ അൾത്താരയായീടുന്ന
റോക്കീസുപുണ്യാളന്റെ കപ്പേള നൊവേനകൾ...

എത്രയോ നിറങ്ങളീ തറവാടിൻ ചുറ്റിലും...
വാങ്ങുവാനാവില്ലല്ലോ ജീവിതത്തിൻ നിറങ്ങൾ...

വാങ്ങുവോർക്കറിയില്ല വിങ്ങുമീ വ്യാകുലങ്ങൾ...
വാങ്ങാനാവില്ലോരയൽപക്കവും കിനാക്കളും...
----------------------


സാഹിത്യ ശ്രീ മാസികയിൽ എന്റെ കവിത തറവാട് ...

ആരെ നാം കാത്തിരിക്കുന്നു...!


 













തണൽ ഞരമ്പുകൾ മുറിഞ്ഞു വീഴുന്നൂ...
നേർത്ത സാന്ത്വനം മറഞ്ഞു പോകുന്നൂ...
വേനൽപ്പാതയിൽ ഇടറി വീഴുന്നൂ...
തളർന്ന കുഞ്ഞാടിൻ ദീന നിസ്വനം.

ഇനി വരാനാരുമില്ലയീ വേനൽ
മൂർച്ഛയേറുന്നൂ...നെഞ്ചുപൊള്ളു ന്നൂ...
വഴി പതറുമീ മോഹകാലത്തിൽ

ആരെ നാം കാത്തു കാത്തിരിക്കുന്നൂ...!

ഇലകളൊന്നൊന്നായ്‌ കരഞ്ഞു വീഴുമ്പോൾ
കരുണയായ്‌ നാം തന്നെ തണൽ വിരിച്ചിടാം...
കുരിശിലാണിയിൽ കാൽ പിടയ്ക്കുമ്പോൾ
നമുക്കവൻ പാദമായ്‌ പാത താണ്ടിടാം...
-----

കംഫർട്ട്‌ സോൺ


ഏദൻ തോട്ടത്തിലെ
വിലക്കപ്പെട്ട പഴത്തിന്റെ
അനന്ത മോഹത്തുടിപ്പിലൂടെയാണു്
ആദ്യമായൊരു കംഫർട്ട്‌ സോൺ
പച്ചയായ്‌ അക്കരെയുണ്ടെന്ന്‌...
അവനവർക്ക്‌ കാണിച്ചു കൊടുത്തത്‌...

ആശകളുടെ ദുഃഖശിഖരങ്ങൾ
വൃത്ത പരിധികൾക്കപ്പുറത്തേക്കു
നാവു നീട്ടിയ ഒരു നട്ടുച്ചയിൽ
പേടിപ്പിക്കുമൊരു പാമ്പനക്കമായ്‌
ഇഴഞ്ഞുവന്നവൻ പത്തിനീർത്തി...

കംഫർട്ട്‌ സോണിലേക്കുള്ള
വലിയ വാതായനങ്ങൾ
നാമറിയാതെ പലനിറം ചാർത്തി
മുന്നിൽ വന്നു കൈകൊട്ടി വിളിക്കുന്നു...
പള്ളിക്കൂടത്തിൽ വച്ചു
കൂട്ടുകാരൻ തന്ന മിട്ടായി മധുരമായ്‌,
അച്ഛൻ പുസ്തകം വാങ്ങാൻ തന്ന
വിയർപ്പുവീണ നൂറുരൂപാ നോട്ടുകളായ്‌,
ഫേസ്ബുക്ക്‌ ചാറ്റിലെ
മുഖമറിയാപ്പരിചയങ്ങളായ്‌...
മധുരങ്ങളുടെയും , അക്കങ്ങളുടെയും
അക്ഷരങ്ങളുടെയും ഒരു കൊളാഷ്‌.

ഇപ്പോൾ നീയും ഞാനും
മുപ്പതു വെള്ളിക്കാശിന്റെ
ചോരവീണ നിഴൽ ഞരമ്പുകളിൽ
ഇല്ലാനിറങ്ങളന്വേഷിക്കുന്നു...
ദേശാടനങ്ങളുടെയൊടുവിൽ
പൊടിപിടിച്ച നിറങ്ങളിൽ നിന്നും
നിലാവിന്റെ കതിർ കൊത്തിയെടുത്ത്‌
ഒരു പ്രാവുവന്നെന്റെ വാതിലിൽ മുട്ടുന്നു..
------------

9/11 (ണയൻ - ഇലവൻ) *


 
 
 
 
 
 
 
 
അമേരിക്കയിൽ നിന്നുള്ള കൂട്ടരൊത്ത്
അത്താഴത്തിലേക്കുള്ള യാത്ര.
ഞങ്ങളിപ്പോൾ ഭൂതകാലം സംസാരിക്കുന്നു;
തീ പിടിച്ചൊരു ണയൻ - ഇലവൻ;

രാത്രി നീളെ പണിയെടുത്തു
തളർന്നുറങ്ങുന്ന അവന്റെ
ഒരു പുലർകാല ചൊവ്വാഴ്ചയിലേക്കു
ഒറ്റപ്പാലത്തു നിന്നുള്ള
അച്ഛന്റെ ഫോൺകോളിലൂടെ
ഒരു വിമാനം പറന്നു വന്നു
വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ
വടക്കേ ഗോപുരത്തിന്നകത്തേക്ക്‌
ഇടിച്ചു കയറി പൊട്ടിത്തെറിക്കുന്നു.
അവന്റെ നെഞ്ചിലേക്ക്‌
ചിതറി വീണ ഒരു തീപിടിച്ച
കരച്ചിലിന്റെ വക്കത്തിരുന്നു
ന്യൂയോർക്കിലുള്ള കൂട്ടുകാരന്റെ
ജീവിതത്തിലേക്കുള്ള ഫോൺവിളി
നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്നു...

വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ
തെക്കേ ഗോപുരത്തിലെ
ജോലി നഷ്ടപ്പെട്ടവളുടെ
വ്യഥ നിറഞ്ഞ പ്രസവാവധി...
ഈസ്റ്റ്‌ കോസ്റ്റിലെ സുഹൃത്തിന്റെ
അപ്രതീക്ഷിതമായ വിളിയിൽ
അവളും കുഞ്ഞും ഞെട്ടിയുണരുന്നു...
തെക്കേ ഗോപുരത്തിലെ
കിനാവുകൾ പ്രോഗ്രാം ചെയ്യുന്നവരിലേക്കു
വേറൊരു വിമാനം തീമഴ പെയ്യുന്നു.
നരകത്തിന്റെ ചില്ലുജാലകം പിളർന്നു്
രോദങ്ങൾക്കിടയിലൂടൊരു വെള്ളരിപ്രാവ്‌.
അവളുടെ കാവൽമാലാഖയുടെ
കയ്യിൽ പറന്നു വന്നിരിക്കുന്നു.

കണ്ണീരിന്റെ മുൾപ്പാതയിലൂടെ
ജീവിതത്തിലേക്കു കൈ പിടിച്ചവന്‌...
അവൾ മുട്ടുകുത്തി നന്ദി പറയുന്നു...
--------
* സെപ്റ്റംബർ 11ലെ ഭീകരാക്രമണതിന്റെ അനിശ്ചിത നിമിഷങ്ങളിലൂടെ കടന്നു പോയ ചില കൂട്ടുകാരുമായുള്ള സംസാരങ്ങളിൽ നിന്നു് - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാൺആക്രമണം നടത്തിയത്‌.

തലക്കാവേരിയിൽ ഒരു മഴയത്ത്


 
 
 
 
 
  
 
ഇതു തലക്കാവേരി...ഇവിടെയല്ലോ ദൈവം
കനിവിന്നുറവയായ് പറന്നിറങ്ങുന്നിടം...
ഇവിടെയല്ലോ നാമജപ തർപ്പണങ്ങളെ
അമൃതായ് കടഞ്ഞെടുത്തെല്ലാർക്കുമേകുന്നിട

ഇവിടെപ്പിറക്കുന്നൂ കാവേരി , കാക്ക തട്ടി
മറിച്ചോരഗസ്ത്യന്റെ കമണ്ഡലുവിൽ നിന്നും...*
ഇവിടെയോരോ മഴത്തുള്ളിയും ജപജല
വിശുദ്ധം...ഹരിതമായ് പിറപ്പൂ കിനാവുകൾ...

ഒരു കുഞ്ഞുറവയായ് ചിരിച്ചും , പിന്നെയൊരു
പെൺകുഞ്ഞിൻ തരിവളക്കിലുക്കമായ് കുണുങ്ങി
കാട്ടുപൂക്കിനാവിന്റെ സുഗന്ധമൂറും കാറ്റോ
ടൊളിച്ചു കളിച്ചും നീ മലയിറങ്ങുന്നതും...
താഴെവന്നുരുകുന്ന മണ്ണിനെ പ്രണയിച്ച്
കാവേരീ, നീ കരിമ്പിൻ മധുരമാകുന്നതും...
പിന്നെ...നീ അമ്മയായി തീരങ്ങൾ തലോടുമ്പോൾ
ഇരുട്ടിൻ തടയണ കെട്ടുന്നൂ കിരാതൻമാർ...

ഇനിയാണൊടുങ്ങാത്ത സ്വാർത്ഥ കാണ്ഡങ്ങൾ;
ദുര മൂത്തൊരാൾക്കൂട്ടം ചൂതു വെക്കുന്നൂ കാവേരിയെ…
തീപിടിച്ച തെരുവോരങ്ങൾ ;
നിറമില്ലാ ഭാഷകൾ തൂക്കിലേറ്റി കറുത്ത പതാകകൾ.
വിയർപ്പിൻ കണ്ണീരാഴം കൊണ്ട്
കറുത്ത മണ്ണു് നനച്ച്
കദനങ്ങൾ കൊയ്തൊടുങ്ങുന്നൂ ചിലർ...

ഇതു തലക്കാവേരി; മഴ പെയ്യുന്നൂ മൂകം
വ്യാകുല മാതാവിന്റെ നീറ്റലിൽ നിന്നെന്ന പോൽ...

---------------
കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ ബ്രഹ്മഗിരി മലയിലെ തലക്കാവേരി സന്ദർശിച്ചപ്പോഴുള്ള ചില ചിന്തകൾ

* അഗസ്ത്യ മുനി കാവേരി നദിയെ ഒരു കമണ്ഡലുവിൽ തടഞ്ഞിട്ടു. മുനി തപസ്സു ചെയ്യുമ്പോൾ വിനായകൻ ഒരു കാക്കയായി വന്നു കമണ്ഡലു മറിച്ചിട്ടു. അങ്ങനെ കാവേരി നദി പിറന്നു എന്ന് ഐതിഹ്യം.

Friday, October 5, 2012

പള്ളിപ്പുറത്തമ്മ (Our Lady of Snow)





















കണ്ണുനീർക്കൊന്ത ചൊല്ലുമെത്രയോ
മക്കൾക്കാശ്വാസത്തണൽ കനിഞ്ഞു നീ...

കഷ്ടകാലത്തിൻ ദുഖവെള്ളിയിൽ
ഇടിമിന്നൽപ്പിണർ നെഞ്ചിലേറ്റി നീ
കുരിശു ചുംബിക്കും മക്കളെയൊരു
ദുരന്തത്തിൽ നിന്നും കാത്തെടുത്തവൾ.

കറുത്ത രാത്രികൾ കാലു തെറ്റിക്കേ
പൂനിലാവെട്ടമായ് കാൽ നടത്തിയോൾ...
സഹനകാലത്തിന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ താങ്ങായ് നിന്നവൾ...

നന്ദിയോടങ്ങേ മുന്നിൽ നിൽപ്പൂ ഞാൻ
സ്വീകരിക്കയീ കുഞ്ഞു പൂവുകൾ...


Tuesday, September 11, 2012

Malayalam-Poem-California-കാലിഫോർണിയാ






കാലിഫോർണിയാ...
നിന്റെ കത്തുന്ന കാലത്തിൽ ഞാൻ
ഒറ്റപ്പെട്ടവസാന ജാലകം തുറക്കുമ്പോൾ...
ഓർമ്മ തൻ മേപ്പിൾമരം ഇലകൾ പൊഴിക്കയായ്‌...
മഞ്ഞിലപ്പഴുപ്പിലെൻ നെഞ്ചല്ലോ വിതുമ്പുന്നൂ...

കാട്ടുതീയാണു ദൂരേ കാലിഫോർണിയക്കാട്ടിൽ*1
കത്തും പൈൻ മരങ്ങളിൽ കരയും പൈങ്കിളികൾ...

ഒറ്റപ്പെടുമ്പൊഴല്ലോ ഓർമ്മകളണഞ്ഞൊരു
കാട്ടുതീനാവു നീട്ടി നെഞ്ചിനെ നീറ്റുന്നതും...

നിറങ്ങളണിഞ്ഞോരോ നാളുകൾ കിനാക്കളായ്‌
നിറയെയിപ്പാതയിൽ വേച്ചു വേച്ചെത്തുന്നതും...

കാലിഫോർണിയാ...
ജോലിത്തിരക്കിൻ നഗരത്തിൽ
ആയിരം ചുവരുള്ള മുറികൾ പെരുകുന്നൂ...
കരിന്തേളുകൾ കൂർത്ത വിഷക്കൊമ്പുകൾ നീട്ടിക്കുത്തുന്നൂ,
കമ്പ്യൂട്ടറിൻ വറ്റുമോർമ്മയിൽ നിന്നും!*2

വലയിലകപ്പെട്ടു കേഴുന്നോരിര പോലെ
കണ്ണീരും കിനാക്കളും വറ്റി ഞാനിരിക്കവേ

പുതിയ ചങ്ങാത്തങ്ങൾ പതുങ്ങി വാലാട്ടിയെൻ
മുന്നിലേക്കണയുന്നു; പിന്നാലെ വേടനുണ്ടോ...?

മാർക്കസ്‌, നീ എന്തിനാണു​‍നിൻ കൊച്ചു വിമാനത്തിൽ
സാൻ ഫ്രാൻസിസ്കോയും  അഴിമുഖവും കാണിച്ചത്‌?
റോണി ഫോങ്ങ്‌ ..., എന്തിനാണ്‌ സ്ട്രോബറിത്തോട്ടങ്ങൾ തൻ
ക്ളാവുപിടിച്ച മധുരത്തിലൂടന്നെന്നെ നീ
വർണ്ണ മത്സ്യങ്ങൾ ചില്ലുതടവിൽ കിടക്കുന്ന
പറുദീസയെ*3 കാട്ടാൻ കൂടെ വന്നതു് സഖേ!
അന്നാ..., നീ എന്തിനാണു് ചൈനാ ടൗണിലെ*4 വമ്പൻ
ഇന്ത്യൻ ഹോട്ടലിലത്താഴത്തിനായ്‌ വിളിച്ചത്‌...?

ലൊംബാർട് സ്ട്രീറ്റിലെ *5
കുത്തനെയുള്ള ഇറക്കത്തിന്നെട്ടാമത്തെ
വളവും തീർന്നു നാം
അവസാനച്ചിത്രമായ് നിറം മങ്ങെ
ചങ്ങാത്തമൊരു പാമ്പുകോവണി ക്കളിയിലെ
കേറ്റിറക്കങ്ങൾ മാത്രം...?

സാന്റാ ക്ലാര... വലിയ മാതാവിന്റെ പള്ളിയിൽ
കുർബാന മണി മുഴങ്ങുന്നൊരു പുലരിയായ്...

കാലിഫോർണിയാ...
നിന്റെ പ്രാതൽമേശയിലൊറ്റക്കിരുന്നു
മരവിച്ച റൊട്ടി ഞാൻ തിന്നീടവേ
ഓർക്കയാണടുക്കളപ്പുകയിൽ നീറിയമ്മ
വിളമ്പിത്തരും സ്നേഹച്ചൂടേറും വാത്സല്യങ്ങൾ.

പാതിഹൃത്തുമായൊരാൾ കാത്തിരിക്കുന്നൂ വീട്ടിൽ
തിരികെ വരൂ വേഗം...കുഞ്ഞുങ്ങൾ വിളിക്കുന്നൂ..

കാലിഫോർണിയാ...
നിന്റെ ഗണിതകാലം നൽകും 
സ്വാർത്ഥവേഗങ്ങളേറും
യാന്ത്രികം മടുക്കുന്നു...
ഞരമ്പു വാടാത്തൊരു കരിയിലയിൽക്കേറി
യാത്ര പോകണം , മഴകരഞ്ഞു  വീഴും മുൻപേ...


                            ***************************


കോർപ്പറേറ്റ് ജീവിതം ഒരു മത്സരമാണു്.സ്വാർത്ഥതയും , ദുഖവും അതിലുണ്ട്...ജോലിക്കിടയിലെ ഒരു കാലിഫോർണിയാ ദേശാടനത്തിൽ നിന്നുള്ള ചില ചിന്തകൾ...

*1 – കാലിഫോർണിയാ കാടുകളിൽ കാട്ടുതീ സാധാരണമാണു്.

*2 - Software Defect (Bug). ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും.

*3 - The Monterey Bay Aquarium (MBA) is located at the Pacific Ocean shoreline in Monterey, California. It holds thousands of plants and animals, representing 623 separate named species on display.

*4 - Chinatown, in San Francisco,  is the oldest Chinatown in North America and the one of the largest Chinese communities outside Asia

*5 - Lombard Street in San Francisco, California is famous for having a steep, one-block section that consists of eight tight hairpin turns.

Sunday, September 2, 2012

എന്റെ മഴ


 
 
 
 
 
 
 
കുഞ്ഞായിരിക്കുമ്പോൾ
മഴയെനിക്കൊരു കടൽ.
ചരൽ വിരിച്ച മുറ്റത്തൊരു
കളിക്കടൽ നിറയുമ്പോൾ
പെങ്ങൾക്കു് ഞാനൊരു
കപ്പലോട്ടക്കാരൻ...!
വെള്ളാരംകല്ലുകൾ നിറച്ച
കടലാസു കപ്പലിൽ
കുഞ്ഞു വാത്സല്യത്തിൻ
വെളുത്ത പതാകകൾ.

പിന്നെയെപ്പൊഴോ
അറിഞ്ഞു ഞാൻ
മഴയ്ക്കിലഞ്ഞിപ്പൂമണമെന്നു്.
തകർത്തു പെയ്യൂ
രാത്രിമഴ ദൈവങ്ങളേ...
നാളെപ്പുലർച്ചെ
കൈനിറയെ കാരയ്ക്കയും
ഇലഞ്ഞിപ്പൂക്കളും വേണം.

കളിയുടെ ബാല്യ ഋതുകഴിഞ്ഞ്‌
കണ്ണുനീരായ് പെയ്യുന്നൂ മഴ.
ഓലപ്പഴുതിലൂടിറ്റിറ്റു വീഴുന്നി-
തഛന്റെ വ്യാകുലക്കണ്ണുനീർ.
ഇടവപ്പാതിയിൽ
ഒറ്റയ്ക്കുറങ്ങാൻ കിടക്കുമ്പോൾ
തീപിടിച്ച കുറേ നക്ഷത്രങ്ങൾ
മഴ നനഞ്ഞെന്റെ കിനാവിലേക്കു്
പനിച്ചടർന്നു വീഴുന്നു.

മഴയുടെ മദ്ധ്യാഹ്നശേഷം
കൊരുക്കുന്നൂ പ്രണയങ്ങൾ.
മഴയിപ്പോൾ ചോരവറ്റാത്ത ഹരിതം.
പൂക്കളിലേക്കും , ജീവിതത്തിലേക്കും
മഴവിൽച്ചാറിറ്റിച്ച്
ഒരു കാട്ടുമയിൽ നൃത്തമായ്
പടർന്നിറങ്ങുന്നൂ...മഴ...!

----------

Malayalam-poem-The-Onam-Loan-ഓണക്കടം

ഓണം കഴിഞ്ഞ പൂക്കളത്തോടു്
ബാക്കിവന്ന വിത്തുകൾ ചോദിച്ചു...
“നിറങ്ങളും പ്രണയവും കടം തരുമോ”യെന്നു്...

പൂവട്ടിയിൽ നിന്നും വീണ തുമ്പപ്പൂവിനോടു്
ചിങ്ങമേഘക്കിടാങ്ങൾ ചോദിച്ചു...
“എൻമഴക്കറുപ്പിനിത്തിരി വെണ്മ കടം തരുമോ”യെന്നു്...

എച്ചിൽകുഴിയിലെ തൂശനിലക്കീറിനോടു്
തെരുവുകുഞ്ഞിന്റെ കണ്ണീരു ചോദിച്ചു...
“എൻ പെങ്ങൾക്കൊരിത്തിരി ഓണം കടം തരുമോ”യെന്നു്...

------

Thursday, August 23, 2012

Malayalam-poem-City-Onam-നഗരത്തിലെ-ഓണം

Malayalam-Poem-City-Onam
 
 
 
 
 
  നഗരത്തിലെ ഓണം
ഇപ്പോൾ ഓണം തുടങ്ങുന്നതു്
ജയനഗർ നാലാം ബ്ലോക്കിലെ
പൂ വിൽക്കുന്ന തെരുവിലാണു്.
തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം.

മകൾക്കു വേണം..ഓണപ്പൂവുകൾ...
അരക്കിലോ മഞ്ഞ, ചുവപ്പ് ,
മാരിഗോൾഡും, ജാസ്മിനും...
കരിംപച്ച നിറമുള്ളിലകൾ.

ഇനിയൊരു നല്ല പടം വേണം.
ഇന്റെർനെറ്റിൽ തിരയാമെന്നവൾ...
ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ
പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ.

മണ്ണും മുറ്റവുമന്യം നിന്നൊരീ
നഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.
--------

Friday, August 17, 2012

Grandma never told me about Volcanoes...




















Grandma never told me in her stories
How the Volcanoes are formed.
Grandma's God created only good things
The Green, the Sun, Rivers, life...

God created Adam's and Eve's heart
From the calmness of Pishon river*.
But without nobody knowing
Fires started erupting in their hearts

Life is like a river on fire these days
Do you feel something burning inside you?
Small or big, yellow or red...It’s burning
But we all show a calm volcano face.

Volcanoes opened their heavenly calmness
To embrace the pains and fires of our tears... 
Ages together it’s embracing our confessing hearts
Grandma never told me about Volcanoes...

              -----------------

*  The Pishon is one of four rivers (along with Hidekel (Tigris), Phrath (Euphrates) and Gihon) mentioned in the Biblical Book of Genesis. In that passage, these rivers are described as arising within the Garden of Eden.

Thursday, August 9, 2012

എന്റെ ഹൈക്കു കവിതകള്‍ (My Haiku Poems)

malayalam-haiku-poems
malayalam-haiku-poems

Malayalam-poem-mother അമ്മ (ഒരു മുഴുമിക്കാത്ത കവിത )


കുഞ്ഞുണ്ണി മാഷ്ടെ കത്തുകള്‍ (Poem : Letters from Kunjunni Mash)


ബാല്യങ്ങളുടെ നാടോര്‍ക്കുമ്പോള്‍ (Remembering my childhood village)


ചങ്ങാതി (The Friend)


ചങ്ങാതി

2006 ഡിസംബർ :ചങ്ങാതി 1
ഓരോ കാഴ്ചയും
ഒരോ ഓർമ്മയാകുന്നു.
അപ്രതീക്ഷിതങ്ങളുടെ
ഒരു നട്ടുച്ചയിൽ
മിനാരങ്ങളുടെ
തണലിൽ വച്ച്
കൊഴിഞ്ഞു വീണ
കൊന്നപ്പൂക്കളിൽ
എനിക്കെന്റെ
ചങ്ങാതിയെ കിട്ടുന്നു.
ഞാനാരെന്നോ...
നീയാരെന്നോ...
ചോദിക്കാതെ
സൗഹൃദത്താൽ
കരൾ നിറഞ്ഞ്...
വീണ്ടും കാണാമെന്ന
സുനിശ്ചിതത്വത്തിൽ
പുൽത്തകിടി വിട്ടിറങ്ങുന്നു നാം.

2012 ജുലൈ : ചങ്ങാതി 2
ദൂരങ്ങൾക്കിപ്പോൾ
അളവുകോലില്ല...
നീയും ഞാനും
നേർത്ത വരയിട്ടു തിരിച്ച
രണ്ടു ദീർഘചതുരങ്ങൾ മാത്രം.
കവിതയുടെ
തണലിൽ വച്ച്
മുഖമില്ലാത്തൊരീ
വലക്കണ്ണികൾക്കപ്പുറമിപ്പുറം നിന്നു
സൗഹൃദത്തിന്റെ
ആദ്യാക്ഷരങ്ങൾ
കുറിക്കുന്നു നാം.

-----------

സൗഹൃദങ്ങൾ തുടങ്ങുന്നതെവിടെ നിന്നാണ്‌... പണ്ടൊക്കെ മിക്ക ചങ്ങാത്തങ്ങളും തുടങ്ങുക ഒരു നേർക്കാഴ്ചയിലൂടെ, അല്ലെങ്കിൽ ഒരു പോസ്റ്റ് കാർഡിൽ നിന്നു്... ഇന്നു പലതും മാറിയിരിക്കുന്നു ഈ ഇന്റെർനെറ്റ് കാലത്തിൽ... ചില ചങ്ങാത്തങ്ങൾ തുടങ്ങുക ഒരു കവിത ഗ്രൂപ്പിൽ നിന്നു് അല്ലെങ്കിൽ രണ്ടു ദീർഘചതുരങ്ങൾക്കപ്പുറമിപ്പുറം നിന്നുള്ളൊരു ചാറ്റ്... 

ജീവിതം (Malyalam poem The Life)


ജീവിതം
---------
പ്രണയത്തിന്റെ ഋതുവും
നിലാവിന്റെ ദൂരവും കടന്ന്
തിയതികളില്ലാത്തൊരു
കലണ്ടറിലെത്തുമ്പോൾ
ജീവിതം പൊള്ളുമൊരു മരുഭൂമി.

നിമിഷമെണ്ണാൻ മറന്നൊരു
ഘടികാരമാണു ഞാൻ
നെഞ്ചിടിക്കുമ്പോളിപ്പോൾ
തീ പിടിക്കുമോർമകൾ മാത്രം...

പലായനത്തിന്റെ രാത്രിവണ്ടികൾ
കിതച്ചുകൊണ്ടോടുമ്പോൾ
മാർട്ടിൻ... നീ തന്ന
വെളിപാടിന്റെ പുസ്തകവും ,
അമ്മ തന്ന വെഞ്ചിരിച്ച കൊന്തയും
നെഞ്ചോടു ചേർത്തുറങ്ങുന്നതും...
കിനാവിലമ്മയും പെങ്ങളും
മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും...
മുട്ടുമോരോ വാതിലും
പെട്ടെന്നടഞ്ഞു പോകുന്നതും...
നഗരദുരിതങ്ങൾ
തീരാത്തൊരാധിയാകുന്നതും...

ആശകൾ നേർത്തു -
നേർത്തിരുളുമൊരു രാത്രിയിൽ
ദൂരെയൊരു
വഴികാട്ടി നക്ഷത്രമുദിക്കുന്നതും
ജീവിതം.
       -----------

Recitation of this poem by me @ http://soundcloud.com/baiju-joseph-1/malayalam-poem-jeevitham-baiju

കവിത : ജീവിതം 
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം




ദൈവത്തിനുള്ള കത്തുകള്‍ (Letters to God)


The Summer Rain (English)


വേനല്‍ മഴ (The Summer Rain)


          വേനൽ മഴ
          ----------
വേനലിലമരുന്ന
മലർകാലത്തിലെന്റെ
ആശകളൊന്നൊന്നായി
വാടിവീണലിയവേ,
ഒരു തുള്ളി നീരിന്നായി
കേഴുന്ന വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നു ഞാൻ.

ഗാർഗ്ഗി* തൻ ചോദ്യങ്ങളെ
മാറാല മൂടുന്നതും...
ഏകലവ്യന്റെ വിരൽ**
ചിതലു തിന്നുന്നതും...
“അരുതേ കാട്ടാളാ...”
എന്നോതുന്ന വാത്മീകിയെ
അരങ്ങിൽ നിഷാദനങ്ങമ്പെയ്തു
വീഴ്ത്തുന്നതും...
അങ്ങനെയൊടുങ്ങാത്ത
പേക്കിനാവുകളെന്റെ
ഉറക്കം മുറിക്കുന്നൊ-
രഗ്നിയായ് പടരുന്നു...

പീഢനകാലത്തിന്റെ
വേനലാണെരിയുന്നു...
തീയാളും ചിതയിതി-
ലസ്ഥികൾ പൊട്ടീടുന്നൂ...
ഉണക്കമരത്തിന്റെ
വേതാളശിഖരങ്ങ-
ളായിരം നഖരങ്ങളാൽ
നമ്മേ വളയുന്നോ...

നിള തന്നുറവകൾ
വറ്റുന്നു...കുളിരോലു-
മിളം കാറ്റൊടുങ്ങുന്നു...
രാത്രിയാകുന്നൂ സഖീ...

കനൽക്കാറ്റുകളാഞ്ഞു
വീശുമീ മണൽക്കാട്ടിൽ
ഒറ്റപ്പെട്ടു നാം
ദിശ തെറ്റിയിങ്ങലയവേ...
വാത്സല്യ ഹരിതമാം
പാതകളൊരുക്കി നീ
നെഞ്ചകം കുളിർപ്പിക്കാൻ
മഴയായണഞ്ഞെങ്കിൽ...

    -----------

* ഗാർഗ്ഗി - Gargi is a symbol of true questions. Gargi challenged the sage Yajnavalkya with a volley of perturbing questions on the soul or 'atman' that confounded the learned man who had till then silenced many an eminent scholar.

Recitation of this poem by me @ http://soundcloud.com/baiju-joseph-1/malayalam-poem-venalmazha

കവിത : വേനല്‍മഴ
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം

കുരുടന്‍ (The Blind)


മാതൃഭൂമിയിലെ ആദ്യ കവിത പ്രതിഫലം (Rs 30 from Mathrubhoomi weekly for my first poem there)


കുഞ്ഞുണ്ണി മാഷ്ടെ കത്തുകള്‍ (Letters from Kunjunni Mash)