Saturday, June 15, 2013

Malyalam-poem-thunder-ഇടിമുഴക്കങ്ങളെക്കുറിച്ച്...

വെളിച്ചെണ്ണയുമുപ്പും
കുഴച്ച ചോറത്താഴം
കഴിഞ്ഞൊരിടവരാത്രിയിൽ
കിഴക്കെപുഴക്കക്കരെ
നിന്നൊരു ഭൂതം പോലെ
ഇടിവെട്ടിൻ മുരൾച്ചകൾ
വീടിന്നടുത്തടുത്തേ-
ക്കിടിവാൾചുഴറ്റിയെത്തവേ
അച്ഛൻ പറഞ്ഞതോർക്കുന്നു
“മിന്നലുമിടിയുമൊന്നിച്ചായാൽ
തൊട്ടടുത്താണവ സൂക്ഷിക്കുക”

ഇടവച്ചോർച്ച രാത്രികൾ...
പച്ചോലക്കീറുകൾ കൊണ്ട്
ജീവിതച്ചോർച്ചകളടക്കാൻ
പാടുപെടുമെന്നച്ഛൻ...

ഇടിമുഴക്കപ്പേടിയിൽ
കാതുപൊത്തും പെങ്ങൾ.
ബാർബര പുണ്യാളത്തിയോട്
പ്രാർത്ഥിക്കണമെന്നു ചൊല്ലി
തോരാമഴക്കഥകളായ്
പെയ്യുമെന്നമ്മ വ്യാകുലങ്ങൾ.

കൊച്ചിയിലോ, ദില്ലിയിലോ
കാലിഫോർണിയായിലോ
എവിടെയായിരുന്നാലും
ഇടിമുഴക്കം ദൈവത്തിന്റെ
തേരൊച്ച പോലെയാണ്‌...
ദൂരെയെങ്ങോ നിന്നും വന്നു..
വീടിന്റെ മുകളിലൂടെ
എതിർദൂരങ്ങളിലേക്ക് പോകുന്നവ.
എന്തിനാണവയെൻ
മുന്നിലെത്തുമ്പോൾ
ഒച്ചകൂട്ടിയാർത്തിരമ്പുന്നത്...?

ഇടിമുഴക്കത്തിന്റെ
ആകാശയാത്രകൾ
നോക്കി നിന്നിട്ടില്ലെങ്കിൽ
മാനം കറുക്കുമടുത്ത സന്ധ്യയിൽ
തെല്ലുനേരമാത്തേർവാഴ്ചതൻ
നാനാർത്ഥങ്ങൾ കണ്ടിരിക്കുക...
മേഘത്തേരേറിപ്പറക്കും
പിതൃക്കളുടെ രോദനങ്ങൾ
ഇടിമുഴക്കത്തിലൂടെ നിൻ
മുന്നിൽ വീണുടയുന്നുണ്ടാകും.
പ്രണയം വറ്റിയവരുടെ
ചുംബനങ്ങളാലിപ്പഴങ്ങളായ്
പെയ്തു വീഴുന്നുണ്ടാകും...
--

2 comments:

  1. വർഷക്കാല രാത്രികളിലെ ഇടിമുഴക്കങ്ങൾ കുഞ്ഞുനാളുകളിൽ ഒട്ടേറെ ചിന്തിപ്പിച്ചിട്ടുണ്ടെന്നെയും..

    ReplyDelete
  2. Yes Anil...The memories and nostalgia...

    ReplyDelete

Thank you for your inputs...