Saturday, September 21, 2013

Malayalam-poem-puravasthu-shekharam (പുരാവസ്തു ശേഖരം)

ഒരു പുരാവസ്തു ശേഖരം
ഒരുക്കുന്ന തിരക്കിലാണു ഞാൻ.
അടിക്കുറിപ്പുള്ള പൂപ്പടങ്ങൾ ,
കിളിയൊച്ചകളുടെ ഓഡിയോ,
ചവിട്ടുനാടകത്തിന്റെ വീഡിയോ...

നഗരങ്ങളിലേക്ക് ചേക്കേറുന്ന
അമേരിക്കൻ സായന്തനത്തിലോ
ആസ്ട്രേലിയനേകാന്തതയിലോ
മണൽക്കാറ്റവധിയിലോ വച്ച്
മക്കളെ വിളിച്ചു കാണിക്കണം....

ഇതൊരു മുക്കൂറ്റി മഞ്ഞ...,
മഞ്ഞപ്പിത്തക്കിടക്കയിൽ
അമ്മ തന്ന കീഴാർനെല്ലി...,
പൊക്കാളിപ്പാടപ്പച്ചപ്പുലരി,
മാടത്തക്കിളി മൊഴി...,
കുയിൽപ്പാട്ടിന്നെതിർപ്പാട്ട്,
കാവടി , കുമ്മാട്ടിക്കളി,
പള്ളിപ്പെരുന്നാൾ പ്രദക്ഷിണം

ഓണപ്പായസ മധുരവും
ഓപ്പോളെയെന്ന വിളിയും...
ഏതു കമ്പ്യൂട്ടറിലെങ്ങിനെ
ശേഖരിക്കണമെന്നറിയാതെ
മുള്ളു വേലിയിലുടക്കി
നിൽപ്പാണെന്റെ സാങ്കേതികം.

---------

Thursday, September 12, 2013

Malayalam-poem-colors-of-flower-Baiju (പൂനിറങ്ങളെങ്ങു പോകുന്നു?)

കൊഴിയുമീ പൂക്കൾതൻ
അഴകാം നിറങ്ങൾ
കിളിയൊച്ച പോലെങ്ങു
പോയ് മറയുന്നു...

മണ്ണിൽ  വീണലിയുമീ
പുണ്യ വർണ്ണങ്ങളെ
ഉറവകൾ ചുംബിച്ചു-
ണർത്തുന്നുണ്ടാവുമോ?

നിറങ്ങളില്ലാ നിറങ്ങൾ
അരുവിയായ്,
നീരാവിയായ് വീണ്ടും
പിറക്കുന്നുണ്ടാവുമോ?
വെള്ളിമേഘച്ചിറകേറി
മാലാഖയായ്
മാരിവില്ലാകാൻ
പറക്കുന്നുണ്ടാവുമോ?

വീണ്ടും മഴയിലലിഞ്ഞു
കിനാക്കളായ്
തൂവൽനിറങ്ങളായ്
പെയ്യുന്നുണ്ടാവുമോ?

നരകയാത്രകഴിഞ്ഞെത്തും
ചില നിറക്കൂത്തുകൾ
ചോരയായ് തെരുവിൽ
പടരുമ്പോൾ
നിറങ്ങളെല്ലാം വറ്റി
പിടയും വിയർപ്പുകൾ
പാലപ്പൂമണമായി
പടരുന്നുണ്ടാവുമോ?...

--------