Tuesday, September 11, 2012

Malayalam-Poem-California-കാലിഫോർണിയാ






കാലിഫോർണിയാ...
നിന്റെ കത്തുന്ന കാലത്തിൽ ഞാൻ
ഒറ്റപ്പെട്ടവസാന ജാലകം തുറക്കുമ്പോൾ...
ഓർമ്മ തൻ മേപ്പിൾമരം ഇലകൾ പൊഴിക്കയായ്‌...
മഞ്ഞിലപ്പഴുപ്പിലെൻ നെഞ്ചല്ലോ വിതുമ്പുന്നൂ...

കാട്ടുതീയാണു ദൂരേ കാലിഫോർണിയക്കാട്ടിൽ*1
കത്തും പൈൻ മരങ്ങളിൽ കരയും പൈങ്കിളികൾ...

ഒറ്റപ്പെടുമ്പൊഴല്ലോ ഓർമ്മകളണഞ്ഞൊരു
കാട്ടുതീനാവു നീട്ടി നെഞ്ചിനെ നീറ്റുന്നതും...

നിറങ്ങളണിഞ്ഞോരോ നാളുകൾ കിനാക്കളായ്‌
നിറയെയിപ്പാതയിൽ വേച്ചു വേച്ചെത്തുന്നതും...

കാലിഫോർണിയാ...
ജോലിത്തിരക്കിൻ നഗരത്തിൽ
ആയിരം ചുവരുള്ള മുറികൾ പെരുകുന്നൂ...
കരിന്തേളുകൾ കൂർത്ത വിഷക്കൊമ്പുകൾ നീട്ടിക്കുത്തുന്നൂ,
കമ്പ്യൂട്ടറിൻ വറ്റുമോർമ്മയിൽ നിന്നും!*2

വലയിലകപ്പെട്ടു കേഴുന്നോരിര പോലെ
കണ്ണീരും കിനാക്കളും വറ്റി ഞാനിരിക്കവേ

പുതിയ ചങ്ങാത്തങ്ങൾ പതുങ്ങി വാലാട്ടിയെൻ
മുന്നിലേക്കണയുന്നു; പിന്നാലെ വേടനുണ്ടോ...?

മാർക്കസ്‌, നീ എന്തിനാണു​‍നിൻ കൊച്ചു വിമാനത്തിൽ
സാൻ ഫ്രാൻസിസ്കോയും  അഴിമുഖവും കാണിച്ചത്‌?
റോണി ഫോങ്ങ്‌ ..., എന്തിനാണ്‌ സ്ട്രോബറിത്തോട്ടങ്ങൾ തൻ
ക്ളാവുപിടിച്ച മധുരത്തിലൂടന്നെന്നെ നീ
വർണ്ണ മത്സ്യങ്ങൾ ചില്ലുതടവിൽ കിടക്കുന്ന
പറുദീസയെ*3 കാട്ടാൻ കൂടെ വന്നതു് സഖേ!
അന്നാ..., നീ എന്തിനാണു് ചൈനാ ടൗണിലെ*4 വമ്പൻ
ഇന്ത്യൻ ഹോട്ടലിലത്താഴത്തിനായ്‌ വിളിച്ചത്‌...?

ലൊംബാർട് സ്ട്രീറ്റിലെ *5
കുത്തനെയുള്ള ഇറക്കത്തിന്നെട്ടാമത്തെ
വളവും തീർന്നു നാം
അവസാനച്ചിത്രമായ് നിറം മങ്ങെ
ചങ്ങാത്തമൊരു പാമ്പുകോവണി ക്കളിയിലെ
കേറ്റിറക്കങ്ങൾ മാത്രം...?

സാന്റാ ക്ലാര... വലിയ മാതാവിന്റെ പള്ളിയിൽ
കുർബാന മണി മുഴങ്ങുന്നൊരു പുലരിയായ്...

കാലിഫോർണിയാ...
നിന്റെ പ്രാതൽമേശയിലൊറ്റക്കിരുന്നു
മരവിച്ച റൊട്ടി ഞാൻ തിന്നീടവേ
ഓർക്കയാണടുക്കളപ്പുകയിൽ നീറിയമ്മ
വിളമ്പിത്തരും സ്നേഹച്ചൂടേറും വാത്സല്യങ്ങൾ.

പാതിഹൃത്തുമായൊരാൾ കാത്തിരിക്കുന്നൂ വീട്ടിൽ
തിരികെ വരൂ വേഗം...കുഞ്ഞുങ്ങൾ വിളിക്കുന്നൂ..

കാലിഫോർണിയാ...
നിന്റെ ഗണിതകാലം നൽകും 
സ്വാർത്ഥവേഗങ്ങളേറും
യാന്ത്രികം മടുക്കുന്നു...
ഞരമ്പു വാടാത്തൊരു കരിയിലയിൽക്കേറി
യാത്ര പോകണം , മഴകരഞ്ഞു  വീഴും മുൻപേ...


                            ***************************


കോർപ്പറേറ്റ് ജീവിതം ഒരു മത്സരമാണു്.സ്വാർത്ഥതയും , ദുഖവും അതിലുണ്ട്...ജോലിക്കിടയിലെ ഒരു കാലിഫോർണിയാ ദേശാടനത്തിൽ നിന്നുള്ള ചില ചിന്തകൾ...

*1 – കാലിഫോർണിയാ കാടുകളിൽ കാട്ടുതീ സാധാരണമാണു്.

*2 - Software Defect (Bug). ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും.

*3 - The Monterey Bay Aquarium (MBA) is located at the Pacific Ocean shoreline in Monterey, California. It holds thousands of plants and animals, representing 623 separate named species on display.

*4 - Chinatown, in San Francisco,  is the oldest Chinatown in North America and the one of the largest Chinese communities outside Asia

*5 - Lombard Street in San Francisco, California is famous for having a steep, one-block section that consists of eight tight hairpin turns.

Sunday, September 2, 2012

എന്റെ മഴ


 
 
 
 
 
 
 
കുഞ്ഞായിരിക്കുമ്പോൾ
മഴയെനിക്കൊരു കടൽ.
ചരൽ വിരിച്ച മുറ്റത്തൊരു
കളിക്കടൽ നിറയുമ്പോൾ
പെങ്ങൾക്കു് ഞാനൊരു
കപ്പലോട്ടക്കാരൻ...!
വെള്ളാരംകല്ലുകൾ നിറച്ച
കടലാസു കപ്പലിൽ
കുഞ്ഞു വാത്സല്യത്തിൻ
വെളുത്ത പതാകകൾ.

പിന്നെയെപ്പൊഴോ
അറിഞ്ഞു ഞാൻ
മഴയ്ക്കിലഞ്ഞിപ്പൂമണമെന്നു്.
തകർത്തു പെയ്യൂ
രാത്രിമഴ ദൈവങ്ങളേ...
നാളെപ്പുലർച്ചെ
കൈനിറയെ കാരയ്ക്കയും
ഇലഞ്ഞിപ്പൂക്കളും വേണം.

കളിയുടെ ബാല്യ ഋതുകഴിഞ്ഞ്‌
കണ്ണുനീരായ് പെയ്യുന്നൂ മഴ.
ഓലപ്പഴുതിലൂടിറ്റിറ്റു വീഴുന്നി-
തഛന്റെ വ്യാകുലക്കണ്ണുനീർ.
ഇടവപ്പാതിയിൽ
ഒറ്റയ്ക്കുറങ്ങാൻ കിടക്കുമ്പോൾ
തീപിടിച്ച കുറേ നക്ഷത്രങ്ങൾ
മഴ നനഞ്ഞെന്റെ കിനാവിലേക്കു്
പനിച്ചടർന്നു വീഴുന്നു.

മഴയുടെ മദ്ധ്യാഹ്നശേഷം
കൊരുക്കുന്നൂ പ്രണയങ്ങൾ.
മഴയിപ്പോൾ ചോരവറ്റാത്ത ഹരിതം.
പൂക്കളിലേക്കും , ജീവിതത്തിലേക്കും
മഴവിൽച്ചാറിറ്റിച്ച്
ഒരു കാട്ടുമയിൽ നൃത്തമായ്
പടർന്നിറങ്ങുന്നൂ...മഴ...!

----------

Malayalam-poem-The-Onam-Loan-ഓണക്കടം

ഓണം കഴിഞ്ഞ പൂക്കളത്തോടു്
ബാക്കിവന്ന വിത്തുകൾ ചോദിച്ചു...
“നിറങ്ങളും പ്രണയവും കടം തരുമോ”യെന്നു്...

പൂവട്ടിയിൽ നിന്നും വീണ തുമ്പപ്പൂവിനോടു്
ചിങ്ങമേഘക്കിടാങ്ങൾ ചോദിച്ചു...
“എൻമഴക്കറുപ്പിനിത്തിരി വെണ്മ കടം തരുമോ”യെന്നു്...

എച്ചിൽകുഴിയിലെ തൂശനിലക്കീറിനോടു്
തെരുവുകുഞ്ഞിന്റെ കണ്ണീരു ചോദിച്ചു...
“എൻ പെങ്ങൾക്കൊരിത്തിരി ഓണം കടം തരുമോ”യെന്നു്...

------

Thursday, August 23, 2012

Malayalam-poem-City-Onam-നഗരത്തിലെ-ഓണം

Malayalam-Poem-City-Onam
 
 
 
 
 
  നഗരത്തിലെ ഓണം
ഇപ്പോൾ ഓണം തുടങ്ങുന്നതു്
ജയനഗർ നാലാം ബ്ലോക്കിലെ
പൂ വിൽക്കുന്ന തെരുവിലാണു്.
തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം.

മകൾക്കു വേണം..ഓണപ്പൂവുകൾ...
അരക്കിലോ മഞ്ഞ, ചുവപ്പ് ,
മാരിഗോൾഡും, ജാസ്മിനും...
കരിംപച്ച നിറമുള്ളിലകൾ.

ഇനിയൊരു നല്ല പടം വേണം.
ഇന്റെർനെറ്റിൽ തിരയാമെന്നവൾ...
ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ
പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ.

മണ്ണും മുറ്റവുമന്യം നിന്നൊരീ
നഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.
--------

Friday, August 17, 2012

Grandma never told me about Volcanoes...




















Grandma never told me in her stories
How the Volcanoes are formed.
Grandma's God created only good things
The Green, the Sun, Rivers, life...

God created Adam's and Eve's heart
From the calmness of Pishon river*.
But without nobody knowing
Fires started erupting in their hearts

Life is like a river on fire these days
Do you feel something burning inside you?
Small or big, yellow or red...It’s burning
But we all show a calm volcano face.

Volcanoes opened their heavenly calmness
To embrace the pains and fires of our tears... 
Ages together it’s embracing our confessing hearts
Grandma never told me about Volcanoes...

              -----------------

*  The Pishon is one of four rivers (along with Hidekel (Tigris), Phrath (Euphrates) and Gihon) mentioned in the Biblical Book of Genesis. In that passage, these rivers are described as arising within the Garden of Eden.