Wednesday, October 31, 2012

തറവാട്


നഗരകാന്താരത്തിൽ നട്ടുച്ചയെരിയുമ്പോൾ
നാട്ടിൽ നിന്നച്ഛനെന്തോ പറയാൻ വിളിക്കുന്നു...
“നമ്മുടെ തറവാട്‌
വിൽക്കുവാൻ പോകുന്നു“ വെന്നച്ഛന്റെ
തോരാമഴ പെയ്യുന്നെന്നിടനെഞ്ചിൽ.

“കിഴക്കേ മുറ്റം നിറച്ചക്ഷര വടിവുകൾ
വരക്കാനച്ഛൻ പഠിപ്പിച്ച സായന്തനങ്ങൾ...

ഇടവപ്പാതിച്ചോർച്ച തീരാതെ ,
മഴ നനഞ്ഞത്താഴമുണ്ടുറങ്ങും
കഷ്ടകാല രാത്രികൾ...
ഓർക്കുന്നോ ഇവയെല്ലാം...”
പൊടി പിടിച്ച കുറേ മഴകളാർത്തലച്ചു
പെയ്യും പോൽ നിർത്താതച്ഛൻ...

മാരിവില്ലുകൾ കൊത്തി പ്പറിക്കാനെത്തുന്നാരോ...
വേരുകൾ പറിക്കുംപോൽ വ്യാകുലം നീറുന്നുള്ളിൽ...

തെക്കേവഴിക്കപ്പുറം വീടുമായ്
പെസഹായിൽ പങ്കുവച്ചു നാമെത്ര
നഗരികാണിക്കലിൻ ദുഖഃവെള്ളിയാഴ്ചകൾ;
വടക്കേതിലെ വൈദ്യൻ
കനിവിന്നില കൂട്ടിപ്പകരും മരുന്നുകൾ...

പണ്ടൊരു വെള്ളപ്പൊക്കപ്പാച്ചിലിലൊഴുകി
വന്നൈശ്വര്യസുഗന്ധമായ്
കിഴക്കേത്തൊടിക്കോണിൽ
വളർന്നൊരിലഞ്ഞി തൻ
തണൽത്തലോടലുകൾ...
അരോരുമില്ലാതൊറ്റപ്പെട്ടു പോം പുലരിയിൽ
അമ്മയ്ക്കു് സാന്ത്വ
നത്തിൻ അൾത്താരയായീടുന്ന
റോക്കീസുപുണ്യാളന്റെ കപ്പേള നൊവേനകൾ...

എത്രയോ നിറങ്ങളീ തറവാടിൻ ചുറ്റിലും...
വാങ്ങുവാനാവില്ലല്ലോ ജീവിതത്തിൻ നിറങ്ങൾ...

വാങ്ങുവോർക്കറിയില്ല വിങ്ങുമീ വ്യാകുലങ്ങൾ...
വാങ്ങാനാവില്ലോരയൽപക്കവും കിനാക്കളും...
----------------------


സാഹിത്യ ശ്രീ മാസികയിൽ എന്റെ കവിത തറവാട് ...

ആരെ നാം കാത്തിരിക്കുന്നു...!


 













തണൽ ഞരമ്പുകൾ മുറിഞ്ഞു വീഴുന്നൂ...
നേർത്ത സാന്ത്വനം മറഞ്ഞു പോകുന്നൂ...
വേനൽപ്പാതയിൽ ഇടറി വീഴുന്നൂ...
തളർന്ന കുഞ്ഞാടിൻ ദീന നിസ്വനം.

ഇനി വരാനാരുമില്ലയീ വേനൽ
മൂർച്ഛയേറുന്നൂ...നെഞ്ചുപൊള്ളു ന്നൂ...
വഴി പതറുമീ മോഹകാലത്തിൽ

ആരെ നാം കാത്തു കാത്തിരിക്കുന്നൂ...!

ഇലകളൊന്നൊന്നായ്‌ കരഞ്ഞു വീഴുമ്പോൾ
കരുണയായ്‌ നാം തന്നെ തണൽ വിരിച്ചിടാം...
കുരിശിലാണിയിൽ കാൽ പിടയ്ക്കുമ്പോൾ
നമുക്കവൻ പാദമായ്‌ പാത താണ്ടിടാം...
-----

കംഫർട്ട്‌ സോൺ


ഏദൻ തോട്ടത്തിലെ
വിലക്കപ്പെട്ട പഴത്തിന്റെ
അനന്ത മോഹത്തുടിപ്പിലൂടെയാണു്
ആദ്യമായൊരു കംഫർട്ട്‌ സോൺ
പച്ചയായ്‌ അക്കരെയുണ്ടെന്ന്‌...
അവനവർക്ക്‌ കാണിച്ചു കൊടുത്തത്‌...

ആശകളുടെ ദുഃഖശിഖരങ്ങൾ
വൃത്ത പരിധികൾക്കപ്പുറത്തേക്കു
നാവു നീട്ടിയ ഒരു നട്ടുച്ചയിൽ
പേടിപ്പിക്കുമൊരു പാമ്പനക്കമായ്‌
ഇഴഞ്ഞുവന്നവൻ പത്തിനീർത്തി...

കംഫർട്ട്‌ സോണിലേക്കുള്ള
വലിയ വാതായനങ്ങൾ
നാമറിയാതെ പലനിറം ചാർത്തി
മുന്നിൽ വന്നു കൈകൊട്ടി വിളിക്കുന്നു...
പള്ളിക്കൂടത്തിൽ വച്ചു
കൂട്ടുകാരൻ തന്ന മിട്ടായി മധുരമായ്‌,
അച്ഛൻ പുസ്തകം വാങ്ങാൻ തന്ന
വിയർപ്പുവീണ നൂറുരൂപാ നോട്ടുകളായ്‌,
ഫേസ്ബുക്ക്‌ ചാറ്റിലെ
മുഖമറിയാപ്പരിചയങ്ങളായ്‌...
മധുരങ്ങളുടെയും , അക്കങ്ങളുടെയും
അക്ഷരങ്ങളുടെയും ഒരു കൊളാഷ്‌.

ഇപ്പോൾ നീയും ഞാനും
മുപ്പതു വെള്ളിക്കാശിന്റെ
ചോരവീണ നിഴൽ ഞരമ്പുകളിൽ
ഇല്ലാനിറങ്ങളന്വേഷിക്കുന്നു...
ദേശാടനങ്ങളുടെയൊടുവിൽ
പൊടിപിടിച്ച നിറങ്ങളിൽ നിന്നും
നിലാവിന്റെ കതിർ കൊത്തിയെടുത്ത്‌
ഒരു പ്രാവുവന്നെന്റെ വാതിലിൽ മുട്ടുന്നു..
------------

9/11 (ണയൻ - ഇലവൻ) *


 
 
 
 
 
 
 
 
അമേരിക്കയിൽ നിന്നുള്ള കൂട്ടരൊത്ത്
അത്താഴത്തിലേക്കുള്ള യാത്ര.
ഞങ്ങളിപ്പോൾ ഭൂതകാലം സംസാരിക്കുന്നു;
തീ പിടിച്ചൊരു ണയൻ - ഇലവൻ;

രാത്രി നീളെ പണിയെടുത്തു
തളർന്നുറങ്ങുന്ന അവന്റെ
ഒരു പുലർകാല ചൊവ്വാഴ്ചയിലേക്കു
ഒറ്റപ്പാലത്തു നിന്നുള്ള
അച്ഛന്റെ ഫോൺകോളിലൂടെ
ഒരു വിമാനം പറന്നു വന്നു
വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ
വടക്കേ ഗോപുരത്തിന്നകത്തേക്ക്‌
ഇടിച്ചു കയറി പൊട്ടിത്തെറിക്കുന്നു.
അവന്റെ നെഞ്ചിലേക്ക്‌
ചിതറി വീണ ഒരു തീപിടിച്ച
കരച്ചിലിന്റെ വക്കത്തിരുന്നു
ന്യൂയോർക്കിലുള്ള കൂട്ടുകാരന്റെ
ജീവിതത്തിലേക്കുള്ള ഫോൺവിളി
നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്നു...

വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ
തെക്കേ ഗോപുരത്തിലെ
ജോലി നഷ്ടപ്പെട്ടവളുടെ
വ്യഥ നിറഞ്ഞ പ്രസവാവധി...
ഈസ്റ്റ്‌ കോസ്റ്റിലെ സുഹൃത്തിന്റെ
അപ്രതീക്ഷിതമായ വിളിയിൽ
അവളും കുഞ്ഞും ഞെട്ടിയുണരുന്നു...
തെക്കേ ഗോപുരത്തിലെ
കിനാവുകൾ പ്രോഗ്രാം ചെയ്യുന്നവരിലേക്കു
വേറൊരു വിമാനം തീമഴ പെയ്യുന്നു.
നരകത്തിന്റെ ചില്ലുജാലകം പിളർന്നു്
രോദങ്ങൾക്കിടയിലൂടൊരു വെള്ളരിപ്രാവ്‌.
അവളുടെ കാവൽമാലാഖയുടെ
കയ്യിൽ പറന്നു വന്നിരിക്കുന്നു.

കണ്ണീരിന്റെ മുൾപ്പാതയിലൂടെ
ജീവിതത്തിലേക്കു കൈ പിടിച്ചവന്‌...
അവൾ മുട്ടുകുത്തി നന്ദി പറയുന്നു...
--------
* സെപ്റ്റംബർ 11ലെ ഭീകരാക്രമണതിന്റെ അനിശ്ചിത നിമിഷങ്ങളിലൂടെ കടന്നു പോയ ചില കൂട്ടുകാരുമായുള്ള സംസാരങ്ങളിൽ നിന്നു് - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാൺആക്രമണം നടത്തിയത്‌.

തലക്കാവേരിയിൽ ഒരു മഴയത്ത്


 
 
 
 
 
  
 
ഇതു തലക്കാവേരി...ഇവിടെയല്ലോ ദൈവം
കനിവിന്നുറവയായ് പറന്നിറങ്ങുന്നിടം...
ഇവിടെയല്ലോ നാമജപ തർപ്പണങ്ങളെ
അമൃതായ് കടഞ്ഞെടുത്തെല്ലാർക്കുമേകുന്നിട

ഇവിടെപ്പിറക്കുന്നൂ കാവേരി , കാക്ക തട്ടി
മറിച്ചോരഗസ്ത്യന്റെ കമണ്ഡലുവിൽ നിന്നും...*
ഇവിടെയോരോ മഴത്തുള്ളിയും ജപജല
വിശുദ്ധം...ഹരിതമായ് പിറപ്പൂ കിനാവുകൾ...

ഒരു കുഞ്ഞുറവയായ് ചിരിച്ചും , പിന്നെയൊരു
പെൺകുഞ്ഞിൻ തരിവളക്കിലുക്കമായ് കുണുങ്ങി
കാട്ടുപൂക്കിനാവിന്റെ സുഗന്ധമൂറും കാറ്റോ
ടൊളിച്ചു കളിച്ചും നീ മലയിറങ്ങുന്നതും...
താഴെവന്നുരുകുന്ന മണ്ണിനെ പ്രണയിച്ച്
കാവേരീ, നീ കരിമ്പിൻ മധുരമാകുന്നതും...
പിന്നെ...നീ അമ്മയായി തീരങ്ങൾ തലോടുമ്പോൾ
ഇരുട്ടിൻ തടയണ കെട്ടുന്നൂ കിരാതൻമാർ...

ഇനിയാണൊടുങ്ങാത്ത സ്വാർത്ഥ കാണ്ഡങ്ങൾ;
ദുര മൂത്തൊരാൾക്കൂട്ടം ചൂതു വെക്കുന്നൂ കാവേരിയെ…
തീപിടിച്ച തെരുവോരങ്ങൾ ;
നിറമില്ലാ ഭാഷകൾ തൂക്കിലേറ്റി കറുത്ത പതാകകൾ.
വിയർപ്പിൻ കണ്ണീരാഴം കൊണ്ട്
കറുത്ത മണ്ണു് നനച്ച്
കദനങ്ങൾ കൊയ്തൊടുങ്ങുന്നൂ ചിലർ...

ഇതു തലക്കാവേരി; മഴ പെയ്യുന്നൂ മൂകം
വ്യാകുല മാതാവിന്റെ നീറ്റലിൽ നിന്നെന്ന പോൽ...

---------------
കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ ബ്രഹ്മഗിരി മലയിലെ തലക്കാവേരി സന്ദർശിച്ചപ്പോഴുള്ള ചില ചിന്തകൾ

* അഗസ്ത്യ മുനി കാവേരി നദിയെ ഒരു കമണ്ഡലുവിൽ തടഞ്ഞിട്ടു. മുനി തപസ്സു ചെയ്യുമ്പോൾ വിനായകൻ ഒരു കാക്കയായി വന്നു കമണ്ഡലു മറിച്ചിട്ടു. അങ്ങനെ കാവേരി നദി പിറന്നു എന്ന് ഐതിഹ്യം.

Friday, October 5, 2012

പള്ളിപ്പുറത്തമ്മ (Our Lady of Snow)





















കണ്ണുനീർക്കൊന്ത ചൊല്ലുമെത്രയോ
മക്കൾക്കാശ്വാസത്തണൽ കനിഞ്ഞു നീ...

കഷ്ടകാലത്തിൻ ദുഖവെള്ളിയിൽ
ഇടിമിന്നൽപ്പിണർ നെഞ്ചിലേറ്റി നീ
കുരിശു ചുംബിക്കും മക്കളെയൊരു
ദുരന്തത്തിൽ നിന്നും കാത്തെടുത്തവൾ.

കറുത്ത രാത്രികൾ കാലു തെറ്റിക്കേ
പൂനിലാവെട്ടമായ് കാൽ നടത്തിയോൾ...
സഹനകാലത്തിന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ താങ്ങായ് നിന്നവൾ...

നന്ദിയോടങ്ങേ മുന്നിൽ നിൽപ്പൂ ഞാൻ
സ്വീകരിക്കയീ കുഞ്ഞു പൂവുകൾ...