Wednesday, October 31, 2012

തലക്കാവേരിയിൽ ഒരു മഴയത്ത്


 
 
 
 
 
  
 
ഇതു തലക്കാവേരി...ഇവിടെയല്ലോ ദൈവം
കനിവിന്നുറവയായ് പറന്നിറങ്ങുന്നിടം...
ഇവിടെയല്ലോ നാമജപ തർപ്പണങ്ങളെ
അമൃതായ് കടഞ്ഞെടുത്തെല്ലാർക്കുമേകുന്നിട

ഇവിടെപ്പിറക്കുന്നൂ കാവേരി , കാക്ക തട്ടി
മറിച്ചോരഗസ്ത്യന്റെ കമണ്ഡലുവിൽ നിന്നും...*
ഇവിടെയോരോ മഴത്തുള്ളിയും ജപജല
വിശുദ്ധം...ഹരിതമായ് പിറപ്പൂ കിനാവുകൾ...

ഒരു കുഞ്ഞുറവയായ് ചിരിച്ചും , പിന്നെയൊരു
പെൺകുഞ്ഞിൻ തരിവളക്കിലുക്കമായ് കുണുങ്ങി
കാട്ടുപൂക്കിനാവിന്റെ സുഗന്ധമൂറും കാറ്റോ
ടൊളിച്ചു കളിച്ചും നീ മലയിറങ്ങുന്നതും...
താഴെവന്നുരുകുന്ന മണ്ണിനെ പ്രണയിച്ച്
കാവേരീ, നീ കരിമ്പിൻ മധുരമാകുന്നതും...
പിന്നെ...നീ അമ്മയായി തീരങ്ങൾ തലോടുമ്പോൾ
ഇരുട്ടിൻ തടയണ കെട്ടുന്നൂ കിരാതൻമാർ...

ഇനിയാണൊടുങ്ങാത്ത സ്വാർത്ഥ കാണ്ഡങ്ങൾ;
ദുര മൂത്തൊരാൾക്കൂട്ടം ചൂതു വെക്കുന്നൂ കാവേരിയെ…
തീപിടിച്ച തെരുവോരങ്ങൾ ;
നിറമില്ലാ ഭാഷകൾ തൂക്കിലേറ്റി കറുത്ത പതാകകൾ.
വിയർപ്പിൻ കണ്ണീരാഴം കൊണ്ട്
കറുത്ത മണ്ണു് നനച്ച്
കദനങ്ങൾ കൊയ്തൊടുങ്ങുന്നൂ ചിലർ...

ഇതു തലക്കാവേരി; മഴ പെയ്യുന്നൂ മൂകം
വ്യാകുല മാതാവിന്റെ നീറ്റലിൽ നിന്നെന്ന പോൽ...

---------------
കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ ബ്രഹ്മഗിരി മലയിലെ തലക്കാവേരി സന്ദർശിച്ചപ്പോഴുള്ള ചില ചിന്തകൾ

* അഗസ്ത്യ മുനി കാവേരി നദിയെ ഒരു കമണ്ഡലുവിൽ തടഞ്ഞിട്ടു. മുനി തപസ്സു ചെയ്യുമ്പോൾ വിനായകൻ ഒരു കാക്കയായി വന്നു കമണ്ഡലു മറിച്ചിട്ടു. അങ്ങനെ കാവേരി നദി പിറന്നു എന്ന് ഐതിഹ്യം.

No comments:

Post a Comment

Thank you for your inputs...