Wednesday, October 31, 2012

9/11 (ണയൻ - ഇലവൻ) *


 
 
 
 
 
 
 
 
അമേരിക്കയിൽ നിന്നുള്ള കൂട്ടരൊത്ത്
അത്താഴത്തിലേക്കുള്ള യാത്ര.
ഞങ്ങളിപ്പോൾ ഭൂതകാലം സംസാരിക്കുന്നു;
തീ പിടിച്ചൊരു ണയൻ - ഇലവൻ;

രാത്രി നീളെ പണിയെടുത്തു
തളർന്നുറങ്ങുന്ന അവന്റെ
ഒരു പുലർകാല ചൊവ്വാഴ്ചയിലേക്കു
ഒറ്റപ്പാലത്തു നിന്നുള്ള
അച്ഛന്റെ ഫോൺകോളിലൂടെ
ഒരു വിമാനം പറന്നു വന്നു
വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ
വടക്കേ ഗോപുരത്തിന്നകത്തേക്ക്‌
ഇടിച്ചു കയറി പൊട്ടിത്തെറിക്കുന്നു.
അവന്റെ നെഞ്ചിലേക്ക്‌
ചിതറി വീണ ഒരു തീപിടിച്ച
കരച്ചിലിന്റെ വക്കത്തിരുന്നു
ന്യൂയോർക്കിലുള്ള കൂട്ടുകാരന്റെ
ജീവിതത്തിലേക്കുള്ള ഫോൺവിളി
നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്നു...

വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ
തെക്കേ ഗോപുരത്തിലെ
ജോലി നഷ്ടപ്പെട്ടവളുടെ
വ്യഥ നിറഞ്ഞ പ്രസവാവധി...
ഈസ്റ്റ്‌ കോസ്റ്റിലെ സുഹൃത്തിന്റെ
അപ്രതീക്ഷിതമായ വിളിയിൽ
അവളും കുഞ്ഞും ഞെട്ടിയുണരുന്നു...
തെക്കേ ഗോപുരത്തിലെ
കിനാവുകൾ പ്രോഗ്രാം ചെയ്യുന്നവരിലേക്കു
വേറൊരു വിമാനം തീമഴ പെയ്യുന്നു.
നരകത്തിന്റെ ചില്ലുജാലകം പിളർന്നു്
രോദങ്ങൾക്കിടയിലൂടൊരു വെള്ളരിപ്രാവ്‌.
അവളുടെ കാവൽമാലാഖയുടെ
കയ്യിൽ പറന്നു വന്നിരിക്കുന്നു.

കണ്ണീരിന്റെ മുൾപ്പാതയിലൂടെ
ജീവിതത്തിലേക്കു കൈ പിടിച്ചവന്‌...
അവൾ മുട്ടുകുത്തി നന്ദി പറയുന്നു...
--------
* സെപ്റ്റംബർ 11ലെ ഭീകരാക്രമണതിന്റെ അനിശ്ചിത നിമിഷങ്ങളിലൂടെ കടന്നു പോയ ചില കൂട്ടുകാരുമായുള്ള സംസാരങ്ങളിൽ നിന്നു് - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാൺആക്രമണം നടത്തിയത്‌.

No comments:

Post a Comment

Thank you for your inputs...