Saturday, May 25, 2013

ഋഷികേശിലെ കാഴ്ചകൾ





















ഋഷികേശ്‌ ...ഡിസംബറിൻ
മഞ്ഞുവീഴുമന്തിയിൽ
ഇലക്കുമ്പിളിൽ കിനാ-
പ്പൂക്കൾ വില്ക്കുമന്ധയാം
വൃദ്ധ ഭിക്ഷുണിയുടെ
നൊമ്പരക്കനലാറ്റി
കൺ നിറഞ്ഞൊഴുകീടും
പുണ്യ ഗംഗാഗ്നി തീർത്ഥം...

സീതയാണിവളൊരു
ശിംശപാവൃക്ഷത്തണൽ
പോലുമേയില്ലാതെരിഞ്ഞേ-
കയായ് നീറുന്നവൾ...

തർപ്പണതീരം താണ്ടി-
യക്കരെയെത്തീടുമ്പോൾ
ഋഷികേശ് കാലത്തിന്റെ
കദനാഗ്നിയിൽ വാടി
യുണങ്ങിച്ചുളിഞ്ഞൊരു
രുദ്രാക്ഷം പോലെ ധ്യാന
മൗനിയായ് നീറുന്നൊരീ
ഏകനാം വൃദ്ധനെപ്പോൽ...

ആരതി വെളിച്ചമേ
ഇവർക്കു കനിവിന്റെ
വെട്ടമായ് വന്നീകൈകൾ
പിടിച്ചു നടക്കുക...
ഹരിദ്വാറിലെ ഗംഗാ-
തീരത്തു നിന്നും ഹിമ-
പർവത്തിലേക്കു വേഗം
പറക്കുമാത്മാക്കളേ
ഏകാന്തമീ വാതിൽക്കൽ
വന്നൊന്നു നിന്നീടുക..
ഇവർക്കു കൂട്ടായല്പം
തൺൽ വിരിച്ചീടുക...
---

No comments:

Post a Comment

Thank you for your inputs...