1503
------
പള്ളിപ്പുറം കോട്ട കാണുമ്പോൾ
അഞ്ചാം ക്ലാസിൽ സെബാസ്റ്റ്യൻ പറഞ്ഞ
കഥയിൽ നിന്നൊരു
പോർച്ചുഗീസ് ഭടനിറങ്ങി വരുന്നു.
1663
----
ഗീവർഗ്ഗീസ് പുണ്യാളനെപ്പോലെ
തൊപ്പിവച്ച കുറേ ഡച്ചുകാർ.
കുതിരക്കുളമ്പടികളടുത്തെത്തവേ
കരയാമ്പൂ മണമുള്ള കാറ്റിൽ നിന്നും
തലയറ്റു പോയ കാപ്പിരിക്കരച്ചിലുകൾ
“മായ്...മായ്..” എന്നു് പിടഞ്ഞുവീഴുന്നു.
1780-നു ശേഷമെപ്പൊഴോ...
-----------------------
ഇപ്പോൾ പുഴക്കക്കരെ നടുക്കമായ്
ടിപ്പുവിൻ പീരങ്കിയൊച്ചകൾ കേൾക്കാം.
മഞ്ഞുമാതാവിൻ പള്ളിക്കു ചുറ്റും
മൂടൽ മഞ്ഞു വന്നു കൊന്ത ചൊല്ലുന്നു.
ടിപ്പുവിന്റെ പീരങ്കി പള്ളിയുന്നം തെറ്റി
കോട്ടത്തല തകർത്തെൻ മുന്നിലൂടെ
പെരിയാറ്റിലേക്ക് വീണുമുങ്ങുന്നു...
1979
-----
കോട്ടയിൽ നിന്നും കൊടുങ്ങല്ലൂർ
കോട്ടയിലേക്കൊരു തുരങ്കമുണ്ടെന്നു
ചൊല്ലും മുത്തശ്ശിയെൻ മുന്നിൽ നില്ക്കുന്നു.
മെഴുതിരികത്തിച്ച് ഗുഹയിലേക്കിറങ്ങി
കാണാതായവരുടെ ആത്മാക്കൾക്കുവേണ്ടി
ഒപ്പീസു ചൊല്ലിയ പാതിരി തിരിച്ചു പോകുന്നു...
2013
----
ത്രിസന്ധ്യാജപത്തിന്റെ പള്ളിമണിമുഴക്കം.
കോട്ടയിലിരുട്ടുമൂടുമ്പോൾ
കരിയിലയനക്കമായൊരു പഴങ്കഥപ്പേടി.
നന്മ നിറഞ്ഞ മറിയമേയെന്നു ചൊല്ലി
ഞാൻ തിരിഞ്ഞു നടക്കുന്നു...
=======
* ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള കോട്ട(http://en.wikipedia.org/wiki/Pallipuram_Fort ). എന്റെ ഗ്രാമത്തിലുള്ള ഈ കോട്ട ഈയിടെ സന്ദർശിച്ചപ്പോൾ മനസ്സിലുദിച്ചു വന്ന ചില തോന്നലുകൾ.
ചരിത്രമേ നിന്റെ ചാരിത്രം എത്ര പരിശുദ്ധമാ ,വരികളില്‍ ഒതുക്കാന്‍ ശ്രമിച്ചു കൊള്ളാം
ReplyDeleteസന്തോഷം...Kaviyoor sir...
Delete