Saturday, May 18, 2013

പ്രവാസിയുടെ വേനലവധി

വേനലവധിയാകുമ്പോൾ
കുഞ്ഞുങ്ങൾ മുത്തശ്ശിക്കഥകളിലേക്ക്‌
ആണ്ടുയാത്രപോകും...
അമ്മയും കുഞ്ഞുങ്ങളും
മാതളനാരകത്തണലത്തിരുന്ന്‌
ഇലഞ്ഞിപ്പൂക്കൾ കോർക്കും...
ജോലിത്തിരക്കിന്റെ വേനലിൽ
നഗരദുരിതത്തിൽ നീ ഒറ്റപ്പെട്ടുപോകും.

കുഞ്ഞുങ്ങളുടെ വേനലവധിയിൽ
നഗരത്തിലെ വീട്ടിലൊറ്റക്കിരിക്കരുതെ-
ന്നൊരു മുതുനെല്ലിക്ക പോലച്ഛൻ...

“അൽ-എയിൻ” തോട്ടത്തിലെ പൂനിറങ്ങൾ
നിന്റെ വാതില്ക്കൽ വന്നു മുട്ടിവിളിക്കും...
സാൻ ഫ്രാൻസിസ്കോയിലെ
മെക്സിക്കൻ വീഞ്ഞുശാലയിൽ നിന്നും
വീഞ്ഞൊഴിയാ സ്ഫടികങ്ങൾ
നിന്റെ പുറകെ നടന്നു വരും...
കൊന്ത ചൊല്ലിക്കഴിയുമ്പൊഴേക്കും
അത്താഴത്തിനു മുകളിലൂടെ
സാത്താൻ നിന്റെ ഹൃദയത്തിലേക്ക്‌
ഒരു പാലം പണിയാൻ തുടങ്ങും...
ഐപാഡിന്റെ ചില്ലുജാലകം തുറന്നു
ഇന്റെർനെറ്റിലൂടെയവൻ
തീത്തിളക്കമുള്ള ലോകം കാണിച്ചു തരും.
തക്കം പാർത്തിരിക്കുമയല്ക്കാരൻ
കുതന്ത്രങ്ങളുടെ മാരീചനായ്‌ വരും.

------

No comments:

Post a Comment

Thank you for your inputs...